കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് വിജിലന്‍സ്. പാലം നിര്‍മാണ കരാറുകാരനായ ആര്‍.ഡി.എസ് പ്രൊജക്‌ട്സ് എം.ഡി സുമിത് ഗോയലിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് അറിയിച്ചത്.

സുമിത് ഗോയല്‍ ഉള്‍പ്പടെ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ്, കിറ്റ്‌കോ മുന്‍ എം.ഡി ബെന്നി പോള്‍, ആര്‍.ബി.ഡി.സി.കെ മുന്‍ അഡീഷനല്‍ മാനേജര്‍ എം.ടി. തങ്കച്ചന്‍ തുടങ്ങിയ കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി വിജിലന്‍സിന്‍റെ റിപ്പോര്‍ട്ട് തേടിയത്. നേതാക്കള്‍ ആരെല്ലാമാണെന്ന് സുമിത് ഗോയലിന് അറിയാം. എന്നാല്‍, പേരുകള്‍ വെളിപ്പെടുത്താന്‍ ഗോയല്‍ ഭയക്കുകയാണെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിജിലന്‍സ് അറിയിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.