കൊച്ചി: കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎം ജില്ലാ നേതാക്കള്‍ക്ക് പങ്കില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്‌ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിലാണ് മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമനും വി പി പി മുസ്തഫയ്ക്കും ക്രൈംബ്രാഞ്ച് ക്ലീന്‍ ചിറ്റ് നല്‍കിയത്.
കേസിലെ മുഖ്യപ്രതി പീതാംബരന്റെ വ്യക്തിവിരോധം കൊണ്ടുമാത്രമുണ്ടായതാണ് കൊലപാതകമെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്. പീതാംബരന്‍ തനിക്ക് അടുപ്പമുള്ള സി പി എം പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കെ വി കുഞ്ഞിരാമനും വി പി പി മുസ്തഫയ്ക്കും എതിരായ ആരോപണങ്ങളില്‍ കഴമ്ബില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
കേസിലെ പ്രതിയായ സജി ജോര്‍ജ്ജിനെ മുന്‍ എം എല്‍ എ കുഞ്ഞിരാമന്‍ സഹായിച്ചിരുന്നുവെന്ന ആരോപണം തെറ്റാണ്. കൊലപാതകങ്ങള്‍ നടക്കുന്നതിനു മുമ്ബ് ഒരു വേദിയില്‍ വി പി പി മുസ്തഫ നടത്തിയ പ്രസംഗം ഭീഷണിയായി കണക്കാക്കേണ്ടതില്ലെന്നും രാഷ്ട്രീയപ്രസംഗം മാത്രമാണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്തഫയുടെ പ്രസംഗത്തിനെതിരെ ശരത്‌ലാലിന്റെയും കൃപേഷിന്റെയും രക്ഷിതാക്കള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്ബില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും അന്വേഷണത്തില്‍ കേസിലെ എല്ലാ പ്രതികളെയും പിടികൂടിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
കേസിന്റെ അന്വേഷണ ചുമതലയുള്ള മലപ്പുറം ക്രൈംബ്രാഞ്ച് ഡി വൈ എസ് പി പ്രദീപ് കുമാറാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.