കൊച്ചി: മരട് കേസില്‍ കേരളത്തിനു വേണ്ടി പ്രമുഖ അഭിഭാഷകന് ഹരീഷ് സാല്‍വേ ഹാജരായേക്കും. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ഹാജരാക്കാനായിരുന്നു നേരത്തെ കേരളത്തിന്റെ ശ്രമം. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ദനുമായ വെങ്കട്ട രമണിയും കോടതിയില്‍ ഹാജരാകുമെന്നാണു റിപ്പോര്‍ട്ട്.
മരട് ഫ്ളാറ്റ് കേസില്‍ ഇന്നു സുപ്രീംകോടതിയില്‍ നിര്‍ണായക ദിനമാണ്. ഫ്ളാറ്റുകള്‍ പൊളിച്ച് അതിന്റെ റിപ്പോര്‍ട്ട് നല്കാന് സുപ്രീംകോടതി ഉത്തരവിട്ടതിനു ശേഷം ഇന്നാണു കേസ് പരിഗണിക്കുന്നത്. ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് 17-ാമത്തെ കേസായാണ് ഇതു പരിഗണിക്കുക.
തീരദേശപരിപാലന നിയമം ലംഘിച്ചെന്നു കണ്ടെത്തിയ മരടിലെ ഫ്ളാറ്റുകള്‍ 20-നു മുന്‍പ് പൊളിച്ച് 23-നു റിപ്പോര്‍ട്ട് നല്‍കാനാണു നേരത്തേ കേസ് പരിഗണിച്ച ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നത്. കോടതി ഉത്തരവ് നടപ്പാക്കാനായിട്ടില്ല. പകരം ഫ്ളാറ്റ് പൊളിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കി സംസ്ഥാന ചീഫ് സെക്രട്ടറി ആറു പേജുള്ള സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു.
വിധി നടപ്പാക്കുമെന്നും സ്വീകരിച്ച നടപടികളില്‍ വീഴ്ചയുണ്ടെങ്കില്‍ മാപ്പ് അപേക്ഷിക്കുന്നതായും ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേസില്‍ സുപ്രീം കോടതിയിലെ ഇന്നത്തെ നടപടികള്‍ നിര്‍ണായകമാകുക. കോടതിയുടെ ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നു നേരത്തേതന്നെ ഈ ബെഞ്ച് കടുത്ത വിമര്‍ശനം ഉന്നയിച്ചിട്ടുള്ളതിനാല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും മാപ്പപേക്ഷയും കോടതി അംഗീകരിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
23-നു കേസ് പരിഗണിക്കുന്പോള്‍ ചീഫ് സെക്രട്ടറി കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നും നിര്‍ദേശിച്ചിരുന്നു. നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്നു ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ ഇതു സംബന്ധിച്ച കോടതിയുടെ പ്രതികരണവും നിര്‍ണായകമാണ്.
തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീം കോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് നല്‍കിയതെന്നുള്ള ഫ്ളാറ്റുടമകളുടെ ഹര്‍ജിയും ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനു മുന്‍പ് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന സമീപവാസിയുടെ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.
കൂടാതെ, കോടതി അനുവദിച്ചാല്‍ മലിനീകരണം കുറച്ച് ഫ്ളാറ്റുകള്‍ പൊളിക്കാമെന്നു ചൂണ്ടിക്കാട്ടി ബംഗളൂരു ആസ്ഥാനമായുള്ള കന്പനിയും കോടതിയെ സമീപിച്ചിട്ടുണ്ട്. ബംഗളുരു ആസ്ഥാനമായുള്ള അക്യുറേറ്റ് ഡിമോളിഷേഴ്സ് കന്പനിയാണ് ഹര്‍ജി നല്‍കിയത്. കോടതി അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കകം നടപടികള്‍ തുടങ്ങാമെന്നും കന്പനി കോടതിയെ അറിയിച്ചു. രണ്ട് മാസം കൊണ്ട് ഫ്ളാറ്റുകള്‍ പൂര്‍ണമായും പൊളിച്ചുനീക്കാം. 30 കോടി രൂപയാണ് ഫ്ളാറ്റ് പൊളിച്ചുമാറ്റുന്നതിനു കന്പനി ചെലവ് പ്രതീക്ഷിക്കുന്നത്. മലിനീകരണം ഉണ്ടാവില്ലെന്നും കന്പനി കോടതിയില്‍ അറിയിച്ചു.