മലയാളത്തിന്റെ മഹാനടന്‍ മധുവിന് ഇന്ന് എണ്‍പത്തിയാറിന്റെ മധുരം. ഇനി ഒരാഗ്രഹവും ബാക്കിയില്ല. അഥവാ ഒരു സിനിമ വേണമെന്നോ ഒരു കഥാപാത്രമാകണമെന്നോ തോന്നിയാല്‍ ഞാന്‍ സ്വന്തമായി സിനിമയെടുക്കും…’ നരച്ച താടി തടവി തലമുറകളുടെ മധുസാര്‍ ചിരിക്കുന്നു. പിറന്നാളുകള്‍ വന്നുപോകുമ്ബോള്‍ പ്രത്യേകിച്ചൊന്നും തോന്നാറില്ല. മരണത്തെക്കുറിച്ചും ആശങ്കയില്ല. അതൊക്കെ പ്രകൃതിനിയമമനുസരിച്ച്‌ അങ്ങ് നടക്കും. സിനിമയില്‍ തിരക്കുള്ള കാലത്ത് പിറന്നാള്‍ ഓര്‍മ്മയുണ്ടാകില്ല. ലൊക്കേഷനില്‍ ആരെങ്കിലും ഓര്‍മ്മിപ്പിക്കുമ്ബോള്‍ കേക്ക് മുറിച്ചെന്നു വരും. കുട്ടിക്കാലത്ത് പിറന്നാളിന് ഗൗരീശപട്ടത്തെ ക്ഷേത്രത്തില്‍ പോയിരുന്നത് ഓര്‍മ്മയുണ്ട്. മുതിര്‍ന്ന അമ്ബലത്തില്‍ പോകുന്നതു ചുരുക്കം. പക്ഷേ ദൈവങ്ങളുമായി നല്ല വിശ്വാസത്തിലാണ് പിറന്നാള്‍ ആശംസകളുമായെത്തിയ ‘കേരളകൗമുദി’യോട് നിറഞ്ഞ ചിരിയോടെ മധു പറഞ്ഞു.

ജീവിതചര്യ വളരെ സിംപിളാണ്. ഉറങ്ങാന്‍ കിടക്കുമ്ബോള്‍ പുലര്‍ച്ചെ മൂന്നു മണിയാകും. പഴയ സിനിമകളൊക്കെ ചാനലുകാര്‍ കാണിക്കുന്നത് പാതിരാത്രിയാണല്ലോ. എഴുന്നേല്ക്കുമ്ബോള്‍ ഉച്ചയാകും. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുമെന്നു പറയുന്നതിനേത്താള്‍ ശരി, ലഞ്ച് ഇല്ലെന്നു പറയുന്നതാണ്. അത്താഴം പതിനൊന്നരയാകും. എന്നും ചെറിയ വ്യായാമം ചെയ്യും. പറ്റുന്ന രീതിയില്‍ യോഗയുണ്ട് അവയവങ്ങളൊക്കെ ഒന്ന് അനങ്ങിക്കിട്ടാന്‍ മാത്രം.

മദ്യപാനം വളരെ അപൂര്‍വം. പണ്ട് ദിവസവും രാത്രിയില്‍ കഴിക്കുമായിരുന്നു. എന്നും വൈകിട്ട് കൂട്ടുകാരുമൊത്ത് കൂടുന്ന പതിവുമുണ്ടായിരുന്നു. അതൊക്കെ ബോറെന്നു തോന്നിയപ്പോള്‍ നിറുത്തി. പണ്ട് ദിവസം ഒരു കെട്ട് ബീഡി വലിക്കും. സിഗരറ്റും പുകയിലകൂട്ടിയുള്ള മുറുക്കും ഒക്കെയുണ്ടായിരുന്നു. ലൊക്കേഷനില്‍ പോലും മുറുക്കാന്‍ ചെല്ലവുമായി ഒരാള്‍ കൂടെക്കാണും. പിന്നെ അതും ബോറായി. പത്തിരുപത് വര്‍ഷം മുമ്ബ് എല്ലാം നിറുത്തി.

ലൂസിഫറിന്റെ ഷൂട്ടിംഗിനു പോകാന്‍ തയ്യാറെടുത്തപ്പോഴാണ് ചെറിയ വെര്‍ട്ടിഗോ പോലത്തെ ഒരസുഖം ഉണ്ടായത്. പിന്നെ കഴിഞ്ഞ ആറു മാസമായി അഭിനയിക്കാനൊന്നും പോകാറില്ല. വേറെ പ്രശ്നമില്ല. എന്നാലും ഒരു കോണ്‍ഫിഡന്‍സ് കുറവ്. അഭിനയിക്കാന്‍ താത്പര്യമില്ലെന്നില്ല. എഴുന്നേല്ക്കാന്‍ വയ്യാതാകുന്ന അവസ്ഥ വന്നാല്‍ എന്തു ചെയ്യും? ഒരുപാടു പേരെ വിട്ടുപിരിയേണ്ടി വന്നിട്ടുണ്ട്. അത് സാധാരണമാണല്ലോ. ശ്രീവിദ്യ ഒരുപാട് കഷ്ടപ്പെട്ട ശേഷമാണ് മരിച്ചത്. അത്രയും വേദനിക്കേണ്ട ആളായിരുന്നില്ല അവര്‍ മധു പഴയ ഓര്‍മ്മകളിലേക്കു പോയി മടങ്ങിവന്നു.

താര സംഘടനയായ ‘അമ്മ’യ്‌ക്കെതിരെ വനിതാ അംഗങ്ങളില്‍ ചിലര്‍ രംഗത്തു വന്നതിനെക്കുറിച്ചും മധുവിന് വ്യക്തായ അഭിപ്രായമുണ്ട്. ‘സംഘടനകൊണ്ട് സിനിമയ്ക്ക് നല്ലതുണ്ടായിട്ടുണ്ട്. എതിര്‍പ്പുമായി വന്ന വനിതകള്‍ പറയുന്ന കാര്യങ്ങളില്‍ യാഥാര്‍ത്ഥ്യം ഉള്ളതുകൊണ്ടാകണമല്ലോ അവര്‍ പൊതുവേദിയില്‍ പരാതിയായി ഉന്നയിക്കുന്നത്. അവര്‍ വിവരമില്ലാത്തവരല്ല. അവരുടെ മനസില്‍ ഫീല്‍ ചെയ്തിട്ടല്ലേ അവര്‍ പറയുന്നത്. ആ പരാതികള്‍ പരിഹരിക്കാനുള്ള ദൈവങ്ങളൊന്നും ഇതിനകത്ത് ഇല്ല’- അദ്ദേഹം പറഞ്ഞു.