മസ്‌ക്കറ്റ്: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനം പറന്നുയര്‍ന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് കാസര്‍ഗോഡ് സ്വദേശി അലി എന്നയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് മംഗളൂരുവില്‍നിന്ന് ദോഹയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലായിരുന്നു സംഭവം. വിമാനത്തിലെ സഹയാത്രക്കാരും വിമാനത്തിന്റെ ജീവനക്കാരും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും നില കൂടുതല്‍ വഷളായതോടെ അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു.

അങ്ങനെ മസ്‌കറ്റ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഉടന്‍തന്നെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയില്‍ ഹൃദയാഘാതം സംഭവിച്ചതായി കണ്ടെത്തിയതോടെ ബൈപാസ് സര്‍ജറി ഉള്‍പ്പടെയുള്ള തുടര്‍ചികില്‍സയ്ക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആശുപത്രിയില്‍ സഹായത്തിനായി ഇദ്ദേഹത്തോടൊപ്പം മറ്റ് സന്നദ്ധപ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്.