തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് പ്രശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തത്. ചൊവ്വാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നോടിയായി വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് പ്രശാന്തിന്റെ പേര് ഉയര്‍ന്നു വന്നത്. മേയര്‍ എന്ന നിലയ്ക്കുള്ള മികച്ച പ്രവര്‍ത്തനവും യുവനേതാവ് എന്ന നിലയിലുള്ള പരിഗണനയുമാണ് വി.കെ പ്രശാന്തിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കാനുള്ള കാരണം.

സാമുദായിക സമവാക്യങ്ങള്‍ കണക്കിലെടുക്കാതെ പ്രശാന്തിനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. ഈ വര്‍ഷം പ്രളയമുണ്ടായ സമയത്ത് സഹായമെത്തിക്കുന്നതിനുള്ള സാധന സാമഗ്രികള്‍ സമാഹരിച്ചതിന്റെ പേരില്‍ വലിയ അഭിനന്ദനങ്ങളാണ്‌ അദ്ദേഹത്തെ തേടിയെത്തിയത്. യുവജനങ്ങള്‍ക്കിടെയില്‍ പ്രശാന്തിനുള്ള പിന്തുണയും തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് നേതൃത്വം കരുതുന്നത്.

ജില്ലാ സെക്രട്ടറിയേറ്റ് ഒന്നാമതായി നല്‍കിയിരിക്കുന്നത് വി. കെ പ്രശാന്തിന്റെ പേരും രണ്ടാമതായി നല്‍കിയിരിക്കുന്നത് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിന്റെ പേരുമാണ്.