ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയാ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും ഇന്ന് തീഹാര്‍ ജയിലിലെത്തി. സാമ്ബത്തിക കുറ്റകൃത്യത്തില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെയും ഇരുവരും സന്ദര്‍ശിച്ചു. കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കഴിഞ്ഞ ആഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവരും ചിദംബരത്തെ കാണാന്‍ എത്തിയിരുന്നു. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരവും ഇന്ന് ജയിലിലെത്തി അദ്ദേഹത്തെ കാണും. പ്രതിപക്ഷ നേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കുടുക്കുകയാണെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ ആക്രമണം ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമമമെന്നാണ് സൂചന.
2007ല്‍ ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്സ് മീഡിയാ കമ്ബനിക്ക് വിദേശ നിക്ഷേപം നേടുന്നതിന് വഴി വിട്ട ആനുകൂല്യങ്ങള്‍ നല്‍കിയെന്നാണ് ചിദംബരത്തിനെതിരായ പരാതി. ഇതിന് പകരമായി മകന് കാര്‍ത്തി ചിദംബരം വന്‍ തോതില്‍ പണം കൈപ്പറ്റിയതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നു. മകളെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന ഐ.എന്‍.എക്സ് മീഡിയ ഉടമകളായ പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണി മുഖര്‍ജിയും നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിദംബരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, ഇന്ന് 74ആം ജന്മദിനം ആഘോഷിക്കുന്ന ചിദംബരം പൂര്‍ണ ആരോഗ്യാവാനാണെന്ന് ന്യൂസ് ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലിലാണെങ്കിലും തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഉപയോഗിച്ച് വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നത് ചിദംബരം തുടരുകയാണ്.
താന്‍ വിദേശത്തേക്ക് കടന്നേക്കുമെന്ന സി.ബി.ഐയുടെ ആരോപണത്തോട് രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം ചിദംബരം പ്രതികരിച്ചത്. തനിക്ക് ചന്ദ്രനിലേക്ക് വരെ പറക്കാന്‍ കഴിയുന്ന സ്വര്‍ണ ചിറകുകള് ഉണ്ടെന്ന് ചിലര്‍ കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം കളിയാക്കി. സുരക്ഷിതനായി തന്നെ താന്‍ താഴെയിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിനിടെ ചിദംബരം നല്കിയ ജാമ്യാപേക്ഷ ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. ചിദംബരത്തിന്റെ ജാമ്യത്തെ എതിര്‍ത്ത് സി.ബി.ഐ നല്കിയ മറുപടിയും ഇന്ന് കോടതിയുടെ പരിഗണനയില്‍ വരും.