എറണാകുളം: ഒക്ടോബര്‍ 21 ന് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്‍റെ ഏറ്റവും ഉറച്ച സീറ്റായി വിലയിരുത്തപ്പെടുന്ന മണ്ഡലമാണ് എറണാകുളം. മണ്ഡലത്തിന്‍റെ ചരിത്രത്തില്‍ ഇന്നേവരെ രണ്ട് തവണ മാത്രമാണ് എറണാകുളം കോണ്‍ഗ്രസിനെ കൈവിട്ടിട്ടുള്ളു. ഹൈബി ഈഡന്‍ ലോക്സഭായിലേക്ക് വിജയിച്ചതോടെ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
അതേസമയം, പൊതുസ്വതന്ത്രന്‍ അടക്കമുള്ള ജനകീയ സ്ഥാനാര്‍ത്ഥികളെ രംഗത്ത് ഇറക്കി മത്സരം കടുപ്പിക്കാനാണ് എല്‍ഡിഎഫിന്‍റെയും ബിജെപിയുടേയും നീക്കം. ലത്തീന്‍ വിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ രംഗത്ത് ഇറക്കിയത് പോലെ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യവും സജീവ പരിഗണനയിലുണ്ടെന്നാണ് ബിജെപി വ്യത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയ ടോം വടക്കന്‍റെ പേരിനാണ് ചര്‍ച്ചകളില്‍ മുന്‍തൂക്കം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ടോം വടക്കന്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അല്‍ഫോണ്‍സ് കണ്ണന്താനത്തിനായിരുന്നു നറുക്ക് വീണത്. രണ്ടേകാല്‍ ലക്ഷം വോട്ട് പിടിക്കുമെന്ന് പ്രതീക്ഷിച്ച് മത്സരത്തിനിറങ്ങിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് 1,37,748 വോട്ടുകള്‍ നേടാന്‍ സാധിച്ചിരുന്നു.
ടോം വടക്കന് പുറമെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് മണ്ഡലം പ്രസിഡന്‍റ് സിജി രാജഗോപാല്‍, മഹിളാ മോര്‍ച്ച ജില്ല സെക്രട്ടറി പത്മജ വേണുഗോപാല്‍ എന്നിവരുടേയും പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ജനകീയ മുഖമുള്ള പൊതുസ്വതന്ത്രരേയും മണ്ഡലത്തിലേക്ക് ബിജെപി പരിഗണിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി പ്രചരണങ്ങളിലേക്ക് കടക്കുമെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്.