ഹൂസ്റ്റണ്‍: ശുചിത്വത്തിന്റെ ആവശ്യകത ഒരിക്കല്‍ക്കൂടി ലോകത്തിന് മുന്നില്‍ തുറന്നുവെക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൈയ്യിലുണ്ടായിരുന്ന പൂച്ചെണ്ടില്‍ നിന്ന് താഴെ വീണ പൂവ് തിരികെയെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥന് നല്‍കിയാണ് ഇത്തവണ മോദി മാതൃകയായത്. ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ കെന്നത്ത് ജസ്റ്ററും അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ വര്‍ദ്ധനും അമേരിക്കന്‍ വ്യാപാര-രാജ്യാന്തര വകുപ്പ് മേധാവി ക്രിസ്റ്റഫര്‍ ഓള്‍സനും മറ്റു നേതാക്കളുമാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നത്.

ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി ഹൂസ്റ്റണിലെ ജോര്‍ജ് ബുഷ് വിമാനത്താവളത്തിലെത്തിയ മോദിക്ക് ഉദ്യോഗസ്ഥര്‍ സ്വീകരണം നല്‍കിയിരുന്നു. ഹസ്തദാനം നല്‍കി മുന്നോട്ടു നീങ്ങുന്നതിനിടെ ഒരു ഉദ്യോഗസ്ഥയില്‍ നിന്നും സ്വീകരിച്ച പൂച്ചെണ്ടില്‍ നിന്ന് ഒരു പൂവ് താഴെ വീണു. അല്‍പ്പം മുന്നോട്ട് നടന്നപ്പോഴാണ് ഇത് മോദിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം പൂവ് തിരികെയെടുത്ത് പിന്നില്‍ നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന് കൈമാറി. ഇതിനോടകം തന്നെ വീഡിയോ വലിയ രീതിയില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ഇന്ത്യ പിന്തുടരുന്ന ശുചിത്വ മാതൃക പ്രധാനമന്ത്രി ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയതായാണ് സമൂഹ മാദ്ധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം. സ്വച്ഛ് ഭാരത് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ഗ്ലോബല്‍ ഗോള്‍കീപ്പേഴ്‌സ് പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചടങ്ങും ഏഴ് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കാനിരിക്കെയാണ് മോദി വീണ്ടും മാതൃകയായിരിക്കുന്നത്.