ഹൂസ്റ്റണിലെ എൻ ആർജി ഫുട്ബോൾ സ്റ്റേഡിയത്തിൽ ഇന്നു നടക്കുന്ന ഹൗഡി മോദി മെഗാ പരിപാടിയുടെ എല്ലാ ഒരുക്കവും പൂർത്തിയായി. മൂന്നു മണിക്കൂർ ദീർഘിക്കുന്ന പരിപാടിയിൽ അമേരിക്കയിലെ അരലക്ഷത്തോളം ഇന്ത്യൻ വംശജർ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വേദി പങ്കിടുമെന്ന പ്രത്യേകതയുണ്ട്.
ലോകത്തിലെ രണ്ടു വൻ ജനാധിപത്യ രാജ്യങ്ങളുടെ നേതാക്കൾ ഒരുമിച്ചു ചേർന്ന് ആഗോള സമാധാനത്തിനും ഉഭയകക്ഷി ബന്ധത്തിന്റെ വളർച്ചയ്ക്കുമുള്ള തങ്ങളുടെ ദർശനം പങ്കുവയ്ക്കുന്ന പരിപാടി ഏറെ ആകർഷകമായിരിക്കുമെന്നു പരിപാടിയുടെ സംഘാടകരായ ടെക്സസ് ഇന്ത്യാ ഫോറത്തിന്റെ വക്താവ് പ്രീതി ദവാര പറഞ്ഞു.
ട്രംപിന്റെ സാന്നിധ്യം ഇന്ത്യൻ ജനതയോടും അമേരിക്കയിലുള്ള ഇന്ത്യക്കാരോടും പ്രധാനമന്ത്രി മോദിയോടും അദ്ദേഹത്തിനുള്ള സൗഹൃദമാണു സൂചിപ്പിക്കുന്നത്. ഡെമോക്രാറ്റിക് പാർട്ടിയിലെയും റിപ്പബ്ലിക്കൻ പാർട്ടിയിലെയും നേതാക്കളും ഗവർണർമാരും മേയർമാരും സെനറ്റർമാരും പങ്കെടുക്കുന്ന ഹൗഡി മോദി പരിപാടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഉതകും. ടെക്സസിലെ ഹൂസ്റ്റൺ അമേരിക്കയിലെ നാലാമത്തെ വലിയ നഗരമാണ്. ഇന്ത്യാ-യുഎസ് വാണിജ്യത്തിന്റെ പത്തുശതമാനവും ടെക്സസ് കേന്ദ്രീകരിച്ചാണ്. ബ്രസീൽ, ചൈന, മെക്സിക്കോ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഇന്ത്യയാണ് ഹൂസ്റ്റണിന്റെ ഏറ്റവും വലിയ വാണിജ്യ പങ്കാളി. ഹൂസ്റ്റണിൽ കനത്ത മഴയും പ്രളയവും ഉണ്ടായെങ്കിലും അതൊന്നും ഹൗഡി മോദി പരിപാടിയെ ബാധിക്കില്ലെന്ന് സംഘാടകർ അവകാശപ്പെട്ടു. പ്രകൃതിക്ഷോഭത്തിൽ ഇതിനകം അഞ്ചു മരണം റിപ്പോർട്ടു ചെയ്തു. പതിമൂന്നു കൗണ്ടികളിൽ ടെക്സസ് ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച എൻആർജി സ്റ്റേഡിയത്തിൽ നടത്തിയ കാർറാലിയിൽ 200 കാറുകൾ പങ്കെടുത്തു. അമേരിക്കയുടെയും ഇന്ത്യയുടെയും പതാകകൾ വഹിച്ചുകൊണ്ടായിരുന്നു റാലി. ഇന്ത്യൻ സ്ഥാനപതി ഹർഷ് ശ്രിൻഗലയും സംഘവും സ്റ്റേഡിയം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. പരിപാടിയുടെ വിജയത്തിന് 1500 വോളന്റിയർമാരാണു രാവും പകലും പ്രവർത്തിക്കുന്നത്. 600 സംഘടനകൾ സഹായം നൽകിയിട്ടുമുണ്ട്.
400 കലാകാരന്മാർ പങ്കെടുക്കുന്ന ചടങ്ങോടെയാണ് ഇന്ന് പരിപാടികൾ ആരംഭിക്കുക. എൻആർജി സ്റ്റേഡിയം രാവിലെ ആറിനു തുറക്കും. അന്പതിനായിരത്തോളം പേർക്ക് പാസ് നൽകിയിട്ടുണ്ട്. എല്ലാവരും ഒന്പതിനകം സ്റ്റേഡിയത്തിലെത്തണം. പത്തരവരെ ദീർഘിക്കുന്ന സാംസ്കാരിക പരിപാടിക്കുശേഷം നരേന്ദ്ര മോദിയും ട്രംപും ജനങ്ങളെ അഭിസംബോധന ചെയ്യും. പന്ത്രണ്ടരയ്ക്ക് സമാപനം. തുടർന്ന് മോദി സ്വകാര്യ സ്വീകരണ പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് യുഎൻ ജനറൽ അസംബ്ളി സമ്മേളനത്തിൽ പങ്കെടുക്കാനായി മോദി ന്യൂയോർക്കിനു തിരിക്കും.