കിഫ്ബി വിഷയത്തിൽ മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോദ്യങ്ങൾ ഉൾപ്പെടുത്തി ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്‍കിട ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ എസ്റ്റിമേറ്റ് നിരക്ക് നിശ്ചയിച്ച കെഎസ്ഇബിയുടെ രീതിയോട് യോജിപ്പുണ്ടോ? നടപടികൾ ഒരു ഉദ്യോഗസ്ഥനെ മാത്രം ഏൽപിച്ചത് പരിശോധിക്കുമോ? തുടങ്ങിയ ചോദ്യങ്ങളാണ് ചെന്നിത്തല ഉന്നയിച്ചിരിക്കുന്നത്.
കെഎസ്ഇബി, കിഫ്ബി രേഖകൾ ലഭ്യമാക്കാമോ എന്നും ചെന്നിത്തല ചോദിച്ചിട്ടുണ്ട്. ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്നായിരുന്നു ചെന്നിത്തല കഴിഞ്ഞ ദിവസങ്ങളിൽ ഉന്നയിച്ചത്. എന്നാൽ, ചെന്നിത്തലയുടെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി എം.എം.മണിയും രംഗത്തെത്തിയിരുന്നു.
1. സംസ്ഥാന സര്‍ക്കാറിന്റെ തന്നെ സ്ഥാപനമായ കെഎസ്ഇബിക്കു സര്‍ക്കാറിന്റെ ഉത്തരവുകള്‍ ബാധകമല്ല എന്ന കെഎസ്ഇബിയുടെ വാദം അംഗീകരിക്കുന്നുണ്ടോ?
2. മസാല ബോണ്ട് അടക്കമുള്ള മാര്‍ഗങ്ങളിലൂടെ 10 ശതമാനം പലിശക്ക് തുക ലഭ്യമാക്കിയ ശേഷം 8-9 ശതമാനം പലിശയ്ക്ക് വായ്പ നല്‍കുന്നതിലെ സാമ്പത്തിക ശാസ്ത്രം പരിശോധന വിധേയമാക്കാമോ?
3. വെറും ഇരുപതു ശതമാനത്തോളം സിവില്‍ വര്‍ക്കും എണ്പതു ശതമാനത്തോളം ഇലക്ട്രിക്കല്‍ വര്‍ക്കും വരുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയില്‍ ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ് അംഗീകരിച്ചത് എങ്ങനെ എന്ന് വിശദമാക്കാമോ?
4. ഇപ്പോള്‍ തന്നെ കടബാധ്യതയില്‍ പെട്ട് നില്ക്കുന്ന കെഎസ്ഇബി ട്രാൻസ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട തുകകള്‍ എങ്ങിനെ തിരിച്ചടക്കും എന്ന് വ്യക്തമാക്കാമോ?
5. പദ്ധതി നടത്തിന്റെ നടപടികൾ ഒരു ഉദ്യോഗസ്ഥനെ മാത്രം ഏൽപിച്ചത് പരിശോധിക്കുമോ?
6. ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപെട്ടുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ഷൊര്‍ണൂര്‍ ഓഫീസില്‍ വിജിലന്‍സിന്റെ ക്വിക്ക് വെരിഫിക്കേഷന് നടന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ പ്രസ്തുത നടപടിയുടെ കണ്ടെത്തലുകള്‍ എന്തൊക്കെയായിരുന്നു എന്ന് വിശദമാക്കാമോ?
7. ട്രാന്‍സ്ഗ്രിഡ് പദ്ധതികളുടെ നടത്തിപ്പിനായി ഓപ്പണ്‍ ടെന്‍ഡര്‍ വിളിക്കണമെന്ന് നിഷ്കര്‍ഷിക്കുയും, പദ്ധതിയുടെ സുതാര്യയമില്ലായ്മയെ കുറിച്ച് രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ട്രാന്സ്മിഷന് ഡയറക്ടറോട് വിശദീകരണം ചോദിക്കുകയും ചെയ്ത രണ്ടു കെഎസ്ഇബി മുന്‍ ചെയര്മാന്മാര്ക്ക് സ്ഥാനഭ്രഷ്ടം സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാമോ?
8. കെഎസ്ഇബി ചിത്തിരപുരം യാര്‍ഡില്‍ മണ്ണുമാറ്റി തറ നിര്‍മാണത്തിനായി 11 ലക്ഷം രൂപയുടെ ഐറ്റം ജോലി അവസാനിപ്പിച്ചപ്പോള്‍ 1100 ലക്ഷം രൂപ ചെലവായത് എങ്ങനെയെന്ന് അന്വേഷണ വിധേയമാക്കാമോ?
9. ട്രാന്‍സ്ഗ്രിഡ് ടെന്‍ഡറുകളിലെ എസ്റ്റിമേറ്റുകള്‍ ഉയര്‍ന്ന നിരക്കിലാണ് ചെയ്തിരിക്കുന്നത് എന്ന വാദം അംഗീകരിച്ചുകൊണ്ട് കെഎസ്ഇബി നല്കിയ വിശദീകരണത്തില്‍ നിരത്തിയിരിക്കുന്ന കാരണം കേരളത്തിലെ ദിവസക്കൂലി നിരക്ക് 1000 മുതല്‍ 1200 രൂപവരെയാണെന്നുള്ളതാണ്. കേരളത്തിലെവിടെയാണ് 1200 രൂപ ദിവസക്കൂലി ലഭിക്കുന്നത് എന്ന് അന്വേഷണ വിധേയമമാക്കാമോ?
10. ട്രാന്‍സ്ഗ്രിഡ് പദ്ധതികളുടെ നടത്തിപ്പിനായുള്ള ടെന്‍ഡര്‍ നടപടികളില്‍ ഏതാനും ചില കമ്പനികള്‍ക്കായി പ്രീ ക്വാളിഫയ് നിബന്ധനകളില്‍ മാറ്റം വരുത്തുന്ന കാര്യം എന്തിനാണെന്ന് അന്വേഷണ വിധേയമാക്കാമോ?
തുടങ്ങിയ പത്ത് ചോദ്യങ്ങളാണ് ചെന്നിത്തല മുഖ്യമന്ത്രിക്കു മുൻപാകെ ഉന്നയിച്ചിട്ടുള്ളത്.