ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ള വട്ടിയൂർകാവിലെ ബിജെപി സ്ഥാനാർഥി ആരാകണമെന്നുള്ളത് സംബന്ധിച്ച തന്റെ അഭിപ്രായം പാർട്ടി നേതൃത്വത്തെ അറിയിക്കുമെന്ന് ബിജെപി നേതാവ് ഒ.രാജഗോപാൽ. പാർട്ടി കോർകമ്മിറ്റി ഇന്ന് തലസ്ഥാനത്ത് ചേരുമ്പോൾ തന്റെ അഭിപ്രായം അറിയിക്കുമെന്നും തീരുമാനം പാർട്ടി നേതൃത്വമാണ് കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കുമ്മനം രാജശേഖരൻ മികച്ച സ്ഥാനാർഥിയാണെന്നും ഉറച്ച വിജയസാധ്യതയുണ്ടെന്നും രാജഗോപാൽ കൂട്ടിച്ചേർത്തു. ട്ടിയൂർകാവിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ താനില്ലെന്നും വട്ടിയൂർകാവിലെന്നല്ല ഒരിടത്തും മത്സരിക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും കുമ്മനം പറഞ്ഞിരുന്നു. സ്ഥാനാർഥികളെ പാർട്ടി ദേശീയ- സംസ്ഥാന നേതൃത്വങ്ങൾ തീരുമാനിച്ച് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
കുമ്മനം മത്സരിക്കാനില്ലെന്ന് പറഞ്ഞതിനേക്കുറിച്ച് അറിയില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയുടെ അഭിപ്രായം.