ബെംഗളൂരു: ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി 20 മത്സരം ഞായറാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍. രാത്രി ഏഴുമണി മുതലാണ് മത്സരം. ആദ്യമത്സരം മഴ കൊണ്ടുപോയപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഏഴുവിക്കറ്റിന് ജയിച്ചു. ഞായറാഴ്ച വിജയത്തോടെ പരമ്ബര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

മൊഹാലിയില്‍നടന്ന രണ്ടാം ട്വന്റി 20-യില്‍ 72 റണ്‍സുമായി പുറത്താകാതെനിന്ന ഇന്ത്യയുടെ ക്യാപ്റ്റന്‍ വിരാട് കോലി ഉജ്ജ്വല ഫോമിലാണ്. രോഹിത് ശര്‍മയെ മറികടന്ന് ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (2441) എന്ന റെക്കോഡും സ്വന്തമാക്കി. രോഹിത്തിനെക്കാള്‍ (2434) ഏഴുറണ്‍സ് മുന്നിലാണിപ്പോള്‍ കോലി. ഞായറാഴ്ച മികച്ച സ്‌കോര്‍ കണ്ടെത്തിയാല്‍ രോഹിത് വീണ്ടും മുന്നിലെത്തും.

മൊഹാലിയില്‍ കളിയുടെ എല്ലാ മേഖലയിലും ദക്ഷിണാഫ്രിക്കയെ പിന്തള്ളിയ ഇന്ത്യയുടെ ജയം ആധികാരികമായിരുന്നു. എന്നാല്‍, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ബാറ്റിങ്ങില്‍ വീണ്ടും പരാജയമായത് ഇന്ത്യയുടെ തലവേദനയായി. ഞായറാഴ്ചയും മികച്ചൊരു ഇന്നിങ്സ് കളിക്കാനായില്ലെങ്കില്‍ പന്തിന്റെ കാര്യം കഷ്ടത്തിലാകും.

ക്വിന്റണ്‍ ഡി കോക്ക് നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ബാറ്റിങ് പൂര്‍ണമായും പരീക്ഷിക്കപ്പെട്ടില്ല. ഡി കോക്ക് കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു. കാഗിസോ റബാഡ, ആന്‍ഡില്‍ പെഹ്ലുക്വായോ, ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നിവരുള്‍പ്പെട്ട ബൗളിങ് നിര ഉജ്ജ്വല നിലവാരത്തിലേക്ക് ഉയര്‍ന്നാലേ ഇന്ത്യയെ പിടിച്ചുകെട്ടാനാകൂ.

മഴ ഭീഷണി

ബെംഗളൂരുവില്‍ ഇടി മിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ധര്‍മ്മശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴ കാരണം മുടങ്ങിയിരുന്നു. ഞായറാഴ്ച നടക്കുന്ന മത്സരവും മഴ തടസപ്പെടുത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. അതേസമയം മഴ പെയ്താലും മൈതാനം മത്സരത്തിന് പെട്ടെന്നു തന്ന സജ്ജമാക്കാന്‍ തക്ക സൗകര്യം ഇന്ത്യയിലെ മറ്റേത് സ്റ്റേഡിയത്തേക്കാളും ചിന്നസ്വാമിയിലുണ്ട്. ഇതിനാല്‍ തന്നെ വൈകിയാലും മത്സരം നടക്കാന്‍ സാധ്യതയുണ്ട്.

ക്രിക്കറ്റ് താരങ്ങളുടെ ദിനബത്ത കൂട്ടി

ന്യൂഡല്‍ഹി :ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ദിനബത്ത (ഡെയ്ലി അലവന്‍സ്) ഇരട്ടിയാക്കി. വിദേശപര്യടനങ്ങളില്‍ ദിവസം 125 ഡോളര്‍ (ഏകദേശം 9000 രൂപ) ഉണ്ടായിരുന്നത് 250 ഡോളറായി വര്‍ധിപ്പിച്ചു. ഹോം മത്സരങ്ങളിലെ ബത്തയും കൂട്ടിയിട്ടുണ്ട്. കോച്ചുമാരുടെയും സെലക്ടര്‍മാരുടെയും ദിനബത്ത വര്‍ധിപ്പിച്ചു. വിനോദ് റായ് സമിതിയാണ് പ്രതിഫലം കൂട്ടിയത്.