യുവതലമുറയില്‍ ആരാധകര്‍ ഏറെയുള്ള താരമാണ് ഷെയ്ന്‍ നിഗം. അഭിനയത്തിനപ്പുറം പക്ഷംചേരാതെയുള്ള തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞ്‌ താരം മലയാളി മനസുകളില്‍ ഇടം നേടിയിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം നടത്തിയ ചില പരാമര്‍ശങ്ങള്‍ വ്യാപകമായ ട്രോളുകള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ഈ ട്രോളുകളൊന്നും ഷെയ്ന്‍ നിഗമെന്ന വ്യക്തിയെ ബാധിക്കില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍.

അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഏകദേശം 80 ശതമാനം ആളുകളും അംഗീകരിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. ‘ഒരു പക്ഷം ചേര്‍ന്ന് താന്‍ ഒന്നും പറഞ്ഞിട്ടില്ല. എല്ലാവരും സന്തോഷത്തോടെ ജീവിക്കൂന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. ഇന്ന് ഈ മൊമന്റില്‍ നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താന്‍ പറ്റാത്തത് എന്തുകൊണ്ടാണ്, അങ്ങനെ നോര്‍മലായിട്ടുള്ള കാര്യങ്ങളെ ഞാന്‍ ചോദിച്ചുള്ളൂ. വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാല്‍ മാത്രമേ ലൈഫില്‍ സക്സസ് ആവുകയുള്ളൂ എന്ന് ചിന്തിക്കുന്ന ചില ആള്‍ക്കാരുണ്ട്. എന്നാല്‍ ചെറിയ കുട്ടികളെ കണ്ടിട്ടുണ്ടോ? അവര്‍ക്ക് ജീവിതത്തെക്കുറിച്ച്‌ ഒരു ടെന്‍ഷനും ഇല്ല, അവര്‍ തുള്ളിച്ചാടി നടക്കുകയാണ്. മഴയും കാര്‍മേഘങ്ങളും ആസ്വാദിക്കുന്നു.

അതിനിടയില്‍ നമ്മള്‍ക്ക് നിലനില്‍പ്പിന് വേണ്ടി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നത് സത്യമാണ്. പക്ഷേ ഇതൊന്നും അല്ല ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. നമ്മള്‍ക്ക് ഇന്ന് ജീവിച്ചൂടേ, നാളത്തെ കാര്യം നാളെ ആലോചിക്കാം എന്നതാണ് എന്റെ ചിന്താഗതി. പിന്നെ ട്രോളുകള്‍ അത് അവരുടെ ഒരു ഫണ്‍ അല്ലേ, അത് അവര്‍ എന്‍ജോയ് ചെയ്യട്ടേ.അവര് പൊളിക്കട്ടെ, എനിക്ക് അതുകൊണ്ട് സന്തോഷമേയുള്ളൂ. ഷെയ്ന്‍ നിഗം എന്ന ഐഡന്റിറ്റിയെ മാത്രമേ അവര്‍ക്ക് എന്തെങ്കിലും പറയാന്‍ പറ്റൂ, അതിനപ്പുറം ഒന്നും പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു’.