തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആരെത്തുമെന്ന ചര്‍ച്ചയും സജീവമായി. പത്മജ വേണുഗോപാല്‍, പിസി വിഷ്ണുനാഥ്, ജ്യോതി വിജയകുമാര്‍ തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മല്‍സരിക്കുമെന്ന പ്രതികരണവുമായി മുന്‍ എംപി പീതാംബരക്കുറുപ്പ് രംഗത്തെത്തി.

സാധാരണ പ്രവര്‍ത്തകനായി തുടങ്ങി ഡിസിസി പ്രസിഡന്റ് വരെ ആയ വ്യക്തിയാണ് പീതാംബരക്കുറുപ്പ്. കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തന്നെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തിങ്കളാഴ്ച കോണ്‍ഗ്രസ് നേതൃത്വം പ്രത്യേക യോഗം ചേരുന്നുണ്ട്. ചൊവ്വാഴ്ചക്കകം തീരുമാനമുണ്ടാകും.

അതേസമയം, ബിജെപി സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരന്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മണ്ഡലം, ജില്ലാകമ്മിറ്റികള്‍ അദ്ദേഹത്തിന്റെ പേരാണ് നിര്‍ദേശിച്ചത്. കൂടാതെ ജില്ലാ പ്രസിഡന്റ് എസ് സുരേഷ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വിവി രാജേഷ് എന്നിവരുടെ പേരും പറഞ്ഞുകേള്‍ക്കുന്നു. ബിജെപി കോര്‍കമ്മിറ്റി യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം എറണാകുളത്ത് ചേരും. ഇന്നുതന്നെ ബിജെപി സ്ഥാനാര്‍ഥിയെ അറിയാമെന്നാണ് കരുതുന്നത്.

സിപിഎം സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതില്‍ ചൊവ്വാഴ്ച യോഗം ചേരുന്നുണ്ട്. മേയര്‍ പ്രശാന്ത്, മുന്‍ മന്ത്രി വിജയകുമാര്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളിലാണ് ഒക്ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടക്കുക. 24ന് വോട്ടെണ്ണും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മല്‍സരിച്ച്‌ ജയിച്ചതിനെ തുടര്‍ന്നാണ് നാല് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മഞ്ചേശ്വരത്ത് എംഎല്‍എ പിവി അബ്ദുല്‍ റസാഖിന്റെ വിയോഗമാണ് ഇവിടെ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.