കോട്ടയം: ഒരു മാസത്തെ പ്രചാരണങ്ങള്‍ക്ക് ശേഷം പാലാ നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണമാണ്.

ഇന്ന് ഞായറാഴ്ചയായതിനാല്‍ രാവിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാകും സ്ഥാനാര്‍ഥികളുടെ പ്രചാരണം. തിരഞ്ഞെടുപ്പിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

പോളിംഗ് സമഗ്രഹികളുടെ വിതരണം രാവിലെ 8 മണിയോടെ തുടങ്ങും. മൂന്ന് കമ്ബനി കേന്ദ്ര സേന അടക്കം 700 സുരക്ഷാ ഉദ്യോഗസ്ഥരെ പാലായില്‍ വിന്യാസിക്കും.

ആകെ 176 പോളിംഗ് സ്റ്റേഷനുകളാണ് പാലായില്‍ ഒരുക്കിയിരിക്കുന്നത്. 1,79,107 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇതില്‍ 87,729 പുരുഷന്മാരും 91,378 സ്ത്രീകളും ഉള്‍പ്പെടുന്നു. രാവിലെ 7 മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിംഗ്. 27 നാണ് വോട്ടെണ്ണല്‍.

അത്യാധുനിക സംവിധാനമുള്ള എം 3 വോട്ടിംഗ് മെഷീനാണ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുക. അഞ്ച് മാതൃക ബൂത്തുകളും ഒരു വനിതാ നിയന്ത്രിത ബൂത്തും ക്രമീകരിച്ചിട്ടുണ്ട്.

അഞ്ച് പ്രശ്‌ന സാധ്യതാ ബൂത്തുകളിലും പ്രത്യേക നിരീക്ഷകരെ നിയോഗിക്കും. ഇവിടത്തെ മുഴുവന്‍ നടപടി ക്രമങ്ങളും വീഡിയോയില്‍ പകര്‍ത്തും. നാട്ടിലില്ലാത്ത വോട്ടര്‍മാരുടെ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ളതു കാരണം കള്ളവോട്ട് തടയാനാകുമെന്ന്‍ കമ്മീഷന്‍ പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയം ഉറ്റു നോക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് കാഴ്ച വെക്കുന്നത്.

പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ പാലാ പിടിക്കുമെന്ന് എല്‍ഡിഎഫ് പറയുമ്ബോള്‍ ഒട്ടും കുറയ്ക്കാതെ 20000 ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് മണ്ഡലം നിലനിര്‍ത്തുമെന്ന് യുഡിഎഫും പറയുന്നു.

കഴിഞ്ഞ തവണ നേടിയ 25000 വോട്ടുകള്‍ ഇക്കുറി ഇരട്ടിയാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ.