സന്യാസത്തെയും പൗരോഹിത്യത്തെയും അടച്ചാക്ഷേപിച്ചു സഭയെ തകർക്കാമെന്ന് ആരെങ്കിലും കരുതിയാൽ അവർക്കു തെറ്റിയെന്നു മലങ്കര സുറിയാനി കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. സന്യാസത്തിൽനിന്നു ശക്തി പ്രാപിച്ച സഭയാണിത്. സഭ പരിശുദ്ധാത്മാവിനാൽ സ്ഥാപിതമാണ്. കുരിശിലാണ് നമ്മുടെ രക്ഷ. കുരിശിൽ ഞാൻ അഭിമാനിക്കുന്നു എന്ന് ഏറ്റുപറയുവാൻ നമുക്കു സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം വടവാതൂർ ഗിരിദീപം കാന്പസിലെ മാർ ഈവാനിയോസ് നഗറിൽ നടന്നുവന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭ 89-ാമത് പുനരൈക്യ വാർഷിക സഭാസംഗമത്തിന്റെയും ബഥനി ആശ്രമ ശതാബ്ദി ആഘോഷത്തിന്റെ സമാപനത്തിന്റെയും ഭാഗമായി ഇന്നലെ നടന്ന പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മാർ ക്ലീമിസ് ബാവ. അടുത്ത കാലത്തായി സന്യാസത്തെയും സമർപ്പിത ജീവിതത്തെയും അവഹേളിക്കുന്ന ഒരു പ്രവണത കണ്ടുവരുന്നു. വളരെ വേദനയുളവാക്കുന്നതാണ് ഈ അവഹേളനം. സ്വർഗം ഇതിനു കൂട്ടു നിൽക്കില്ലെന്നാണു കത്തോലിക്ക സഭയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആലുവ അദ്വൈതാശ്രമാംഗവും ശിവഗിരി ഡയറക്ടർ ബോർഡംഗവുമായ സ്വാമി ശിവസ്വരൂപാനന്ദ വിശിഷ്ടാതിഥിയായിരുന്നു. ജീവിതത്തെ പരമോന്നതയിലേക്ക് എത്തിക്കാൻ സമർപ്പണംകൊണ്ടു സാധിക്കുമെന്നും ഭാരതീയ സംസ്കാരത്തിനു സന്യാസത്തിന്റെ സംഭാവനകൾ വലുതാണെന്നും സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു.
കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ഐക്യത്തിന്റെ ചൈതന്യം ദൈവിക ചൈതന്യമാണെന്നും അതിന്റെ പൂർണത ത്രിത്വൈക ദൈവത്തിലാണെന്നും മാർ മൂലക്കാട്ട് പറഞ്ഞു.
ബഥനി മിശിഹാനുകരണ സന്യാസി സമൂഹം സുപ്പീരിയർ ജനറാൾ ഫാ. ജോസ് കുരുവിള പീടികയിൽ ഒഐസി, ആഘോഷ കമ്മിറ്റി ജനറൽ കണ്വീനർ റവ.ഡോ. റെജി മനയ്ക്കലേട്ട്, ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം മദർ ജനറൽ സിസ്റ്റർ ലിറ്റിൽ ഫ്ളവർ എസ്ഐസി, മേരിമക്കൾ സന്യാസിനി സമൂഹം മദർ ജനറൽ സിസ്റ്റർ ജയിൽസ് ഡിഎം, സിസ്റ്റർ മേരി ശോശാമ്മ, അല്മായ പ്രതിനിധി ശോശാമ്മ തോമസ് പാലനിൽക്കുന്നതിൽ എന്നിവർ പ്രസംഗിച്ചു. ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ് തോമസ് മാർ അന്തോണിയോസ്, ജേക്കബ് മാർ ബർണബാസ്, യൂഹാനോൻ മാർ തെയോഡോഷ്യസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോസഫ് മാർ തോമസ്, സാമുവൽ മാർ ഐറേനിയോസ് എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
സമ്മേളനത്തിനു മുന്നോടിയായി രാവിലെ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ ബിഷപ്പുമാരും വൈദികരും ചേർന്നു സമൂഹബലി അർപ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ വചനസന്ദേശം നൽകി.
പൊതുസമ്മേളനത്തോടെ കഴിഞ്ഞ മൂന്നു ദിവസമായി ഗിരിദീപം കാന്പസിൽ മാർ ഈവാനിയോസ് നഗറിൽ നടന്നു വന്ന പുനരൈക്യ വാർഷിക സഭാ സംഗമത്തിനും ബഥനി ആശ്രമ ശതാബ്ദി സഭാതല ആഘോഷത്തിനും സമാപനമായി.