തിരുവനന്തപുരം: സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന് ഈ മണ്ഡലങ്ങളില്‍ വമ്ബിച്ച മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനസര്‍ക്കാരിന്‍റെ ദുര്‍ഭരണംകൊണ്ട് ജനങ്ങള്‍ മടുത്തിരിക്കുന്നു. അഴിമതിയും സ്വജനപക്ഷപാതവും ജനവിരുദ്ധമായ നയങ്ങളും കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്നു. സര്‍ക്കാരിനെതിരായ ശക്തമായ ജനവിധിയായിരിക്കും പാലാ ഉള്‍പ്പെടെ ആറ് നിയോജകമണ്ഡലങ്ങളിലും ഉണ്ടാകാന്‍ പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫിന് ഉറപ്പുള്ള സീറ്റാണ് എറണാകുളമെന്നും അത് അത് അങ്ങനെതന്നെ തുടരുമെന്നും എറണാകുളം മുന്‍ എംഎല്‍എ ഹൈബി ഈഡല്‍ എംപി പറഞ്ഞു. യുഡിഎഫ് സംഘടനാപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം തുടക്കംകുറിച്ചിട്ടുണ്ട്. മുതിര്‍ന്ന പത്ത് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാര്‍ക്ക് ചുമതല കൊടുത്തുകഴിഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങള്‍ യുഡിഎഫിന് പൂര്‍ണമായും അനുകൂലമാണ്. സ്ഥാനാര്‍ഥി ആരാവണമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചതേയുള്ളൂ. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സുസജ്ജമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മഞ്ചേശ്വരത്ത് പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബിജെപിയുടെ ആത്മവിശ്വാസക്കുറവാണ് ഉരപതിരഞ്ഞെടുപ്പ് വൈകിപ്പിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.