വാഷിങ്‍ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. നാളെ ഹൂസ്റ്റണിലെ ഹൗഡി മോഡി പരിപാടിയിൽ പ്രധാനമന്ത്രിയ്ക്കൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വേദി പങ്കിടും. ഏതാണ്ട് 50,000-ത്തോളം പേർ പങ്കെടുക്കുമെന്ന് കരുതുന്ന ഹൗഡി മോഡിയില്‍ ട്രംപിനെ പങ്കെടുപ്പിക്കാൻ സാധിച്ചത് നയതന്ത്രവിജയമായാണ് ഇന്ത്യയുടെ കണക്കാക്കുന്നത്.
മോഡിയുടെ അമേരിക്കൻ സന്ദർശനം നയതന്ത്ര രംഗത്തും, വാണിജ്യ മേഖലയിലും പുതിയ ചുവടു വെയ്പ്പുകള്‍ക്ക് തുടക്കമിടുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ. തിങ്കളാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാൻഖാനുമായി ചര്‍ച്ചകള്‍ക്ക് ശേഷം തൊട്ടുപിറ്റേന്ന് ചൊവ്വാഴ്ച ട്രംപ് മോഡി ഔദ്യോഗിക കൂടിക്കാഴ്ചയും നടക്കുന്നുണ്ട്. ഹൗഡി മോദി പരിപാടിയിൽ ഡോണൾഡ് ട്രംപ് പങ്കെടുക്കുന്നത്, ഇന്ത്യ – അമേരിക്ക ബന്ധത്തിലെ പുതിയ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി നേരത്തേ പറഞ്ഞത്. ആഗോള നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയർത്താനും അമേരിക്കയുടെ വിശ്വസ്ത പങ്കാളിയായി മാറാനുമുള്ള അവസരമെന്നാണ് മോഡി കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതൽ മെച്ചപ്പെടുത്താനുള്ള ചർച്ചകൾ ട്രംപുമായുള്ള കൂടിക്കാഴ്ചയിലുണ്ടാകുമെന്നും മോഡി നേരത്തേ പറഞ്ഞിരുന്നു.
ഏതാണ്ട് അരലക്ഷത്തോളം ഇന്ത്യാക്കാര്‍ ഹൗഡി മോഡി പരിപാടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഒത്തുകൂടുന്ന ഒരു പരിപാടിയിൽ ഒരു അമേരിക്കൻ പ്രസിഡന്റ് പങ്കെടുക്കുന്നതും ഇതാദ്യമാണ്. ഇന്ത്യ – അമേരിക്ക ഊർജസഹകരണം മെച്ചപ്പെടുത്താന്‍ ഇന്ന് ഹൂസ്റ്റണിൽ പ്രധാനപ്പെട്ട ഊർജകമ്പനികളുടെ സിഇഒമാരുമായി മോഡി കൂടിക്കാഴ്ച നടത്തും. ന്യൂയോർക്കിൽ യുഎൻ സമ്മേളനത്തിന്റെ ഭാഗമായി നിരവധി പരിപാടികളിൽ മോഡി പങ്കെടുക്കും. ഐക്യ രാഷ്ട്രസഭയുടെ പൊതു സമ്മേളനത്തെ 27-ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
തിങ്കളാഴ്ച നടക്കുന്ന കാലാവസ്ഥാ ഉച്ചകോടി, ആഗോള ആരോഗ്യ ഉച്ചകോടി, യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അടക്കമുള്ളവർ പങ്കെടുക്കുന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് യു എന്നില്‍ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടി തുടങ്ങി അനേകം പരിപാടികളാണ് പ്രധാനമന്ത്രി പങ്കെടുക്കുക. പസിഫിക് ദ്വീപരാജ്യങ്ങളുമായും കരീബിയൻ രാഷ്ട്രത്തലവൻമാരുമായും കോമൺ മാർക്കറ്റ് (കാരികോം) ഗ്രൂപ്പുമായും ഉള്‍പ്പെടെ വിവിധ രാജ്യത്തലവൻമാരുമായി ഉഭയകക്ഷി ചർച്ചകളും മോഡിയുടെ പരിപാടിയിലുണ്ട്.