തൃശൂര്‍: ആറ് ജ്വല്ലറിക്കാര്‍ ചേര്‍ന്നെടുത്ത ലോട്ടറി ടിക്കറ്റിനു ഓണം ബമ്ബര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചതിന് പിന്നാലെ മൂന്നാം സമ്മാനവും ജ്വല്ലറിക്കാര്‍ തന്നെ സ്വന്തമാക്കി. 19 ജ്വല്ലറിക്കാര്‍ ചേര്‍ന്നെടുത്ത ലോട്ടറി ടിക്കറ്റിനാണ് 10 ലക്ഷം രൂപ സമ്മാനം ലഭിച്ചത്. തൃശൂര്‍ ജോയ് ആലുക്കാസിന്റെ ഹെഡ് ഓഫീസിലെ അക്കൗണ്ട്സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവക്കാര്‍ക്കാണ് ഈ ഭാഗ്യം സിദ്ധിച്ചത്. തൃശൂര്‍, ഇരിങ്ങാലക്കുട, അങ്കമാലി എന്നിവിടങ്ങളില്‍ നിന്നും വരുന്നവരാണ് ഇവര്‍. അങ്കമാലിയില്‍ താമസിക്കുന്ന ഇവര്‍ നേരത്തെയും ഒന്നിച്ച്‌ ടിക്കറ്റെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായി ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബമ്ബര്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം TM160869 ടിക്കറ്റിന് ലഭിച്ചിരുന്നു. ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരുന്നത്. മന്ത്രി ജി.സുധാകരന്‍ തിരുവനന്തപുരത്ത് വച്ചാണ് നറുക്കെടുപ്പിലാണ് കൊല്ലം കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ആറ് ജീവനക്കാര്‍ക്ക് സമ്മാനം ലഭിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയാണ് ഒന്നാം സമ്മാനം. ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടി രൂപയാണ് ഇവരുടെ കൈയിലെത്തിയത്. കഴിഞ്ഞ വര്‍ഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനത്തുക. മുന്നൂറ് രൂപ വിലയുള്ള ഓണം ബമ്ബര്‍ ടിക്കറ്റ് ജൂലായ് 18നാണ് വില്‍പന ആരംഭിച്ചത്.