എടിഎം കാര്‍ഡ് ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ പണം തിരികെ ലഭിക്കാനുള്ള സമയപരിധി ആര്‍ബിഐ നിശ്ചയിച്ചു. അഞ്ചുദിവസമാണ് അക്കൗണ്ടില്‍ തിരികെ പണം എത്തുന്നതിന് ബാങ്കിന് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാല്‍ പ്രതിദിനം 100 രൂപവീതം അക്കൗണ്ട് ഉടമയ്ക്ക് നല്‍കേണ്ടിവരും.
ഐഎംപിഎസ്, യുപിഐ, ഇ-വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. ഐഎംപിഎസ്, യുപിഐ ഇടപാടുകള്‍ക്ക് ഒരു ദിവസമാണ് അനുവദിച്ചിട്ടുള്ളത്. അതു കഴിഞ്ഞാല്‍ ഓരോ ദിവസവും 100 രൂപവീതം പിഴ നല്‍കണം.
യുപിഐ വഴി ഷോപ്പിങ് നടത്തുമ്ബോള്‍, അക്കൗണ്ടില്‍നിന്ന് ഡെബിറ്റ് ചെയ്യുകയും എന്നാല്‍ കച്ചവടക്കാരന് ലഭിക്കാതിരിക്കുകയും ചെയ്താല്‍ അഞ്ചു ദിവസത്തിനകം പണം നല്‍കണമെന്നാണ് നിര്‍ദേശം. അതുകഴിഞ്ഞാല്‍ പ്രതിദിനം 100 രൂപ വീതം കച്ചവടക്കാരന് പിഴ നല്‍കണം.
ഇടപാടുകള്‍ നടത്തുമ്ബോള്‍ അക്കൗണ്ടില്‍നിന്ന് ഡെബിറ്റ് ചെയ്യുകയും അതേസമയം, മറ്റൊരു അക്കൗണ്ടില്‍ വരവുവെയ്ക്കുകയോ ചെയ്യാതിരിക്കുന്നത് ഇടയ്ക്കിടെ സംഭവിക്കുന്നതാണ്. എടിഎം വഴി ഇടപാടു നടത്തുമ്ബോള്‍ പണം ലഭിക്കാതിരിക്കുകയും അക്കൗണ്ടില്‍നിന്ന് കുറവുചെയ്യുകയും ചെയ്യതും പതിവാണ്.
അക്കൗണ്ടില്‍ പണം തിരികെയെത്താറുണ്ടെങ്കിലും ചിലപ്പോള്‍ മറിച്ചും ഉണ്ടാകാറുണ്ടെന്ന പരാതി ഉയര്‍ന്നതോടെയാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദേശം. ബാങ്കില്‍ നേരിട്ടെത്തി പരാതി നല്‍കിയാലാണ് അക്കൗണ്ട് ഉടമയ്ക്ക് പണം ലഭിച്ചിരുന്നത്.
ഉപഭോക്താവിന്റേതല്ലാത്ത കാരണത്താന്‍ പണമിടപാട് തടസ്സപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ബാങ്കിനാണെന്ന് ആര്‍ബിഐ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.