ടെക്‌സാസ് : തലച്ചോര്‍ തിന്നുന്ന അമീബ ശരീരത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നാളുകളായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ പത്തുവയസുകാരി മരണത്തിന് കീഴടങ്ങി. അമേരിക്കയിലെ ടെക്സാസിലാണ് ദാരുണമായ സംഭവം. കഴിഞ്ഞ സെപ്‌തംബര്‍ രണ്ടിന് അമേരിക്കയിലെ തൊഴിലാളി ദിന അവധി ആഘോഷിക്കാന്‍ പുഴയിലിറങ്ങിയപ്പോഴാണ് ലിലിയുടെ ശരീരത്തില്‍ അമീബ പ്രവേശിച്ചത്.

തലച്ചോര്‍ തിന്നുന്ന അമീബയായ നെയ്ഗ്ലേറിയ ഫൗലേറിയാണ് ലിലി അവന്റിനെ പിടികൂടിയത്. 97 ശതമാനം മരണനിരക്കുള്ള രോഗത്തില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കഠിനപരിശ്രമത്തിലായിരുന്നു ആശുപത്രി അധികൃതര്‍.

ഇതിനായി തലച്ചോര്‍ കോമ അവസ്ഥയിലേക്ക് മാറ്റിയ ശേഷം ചികിത്സ നടത്തുകയായിരുന്നു. ലിലിക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ നാളുകളെണ്ണി കഴിയുകയായിരുന്നു ടെക്സാസ് നഗരം. ഇന്നല്ലെങ്കില്‍ നാളെ ലിലി അമീബയെ തോല്‍പ്പിച്ച്‌ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷ കൂടിയാണ് ഇതോടെ അസ്ഥമിച്ചത്.