കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 21 ന് . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍ , എറണാകുളം , മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് . ഒക്ടോബര്‍ 24 നാണ് ഫലപ്രഖ്യാപനം. രാഷ്ട്രീയ കേരളത്തിൽ വലിയ ചലനങ്ങളുണ്ടാക്കാവുന്ന ഉപതെരഞ്ഞെടുപ്പ് തീയതിയായതോടെ കേരളം ഇനി പോരാട്ട ചൂടിലേക്ക് നീങ്ങുകയാണ്.

കേരളത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് നടപടികളുടെ സമയക്രമം ഇങ്ങനെയാണ്: 

വി‍ജ്ഞാപനം സെപ്തംബര്‍ 23 ന്

പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30

സൂക്ഷമ പരിശോധന ഒക്ടോബര്‍ 1

പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 3

വോട്ടെടുപ്പ് ഒക്ടോബര്‍ 21

വോട്ടെണ്ണൽ ഒക്ടോബര്‍ 24

അതായത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സമയക്രമം അനുസരിച്ച് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനും നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനും ഇനി 9 ദിവസം മാത്രമാണ് ഇനി രാഷ്ട്രീയ പാര്‍ട്ടികൾക്ക് മുന്നിലുള്ളത്.

എംഎൽഎമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയതോടെയാണ് വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളിൽ ഉപതെര‍ഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അരൂര്‍ ഒഴികെ ബാക്കിയെല്ലാം യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റാണ്. പാലായിൽ കെഎം മാണിയുടെ മരണത്തോടെ ഒഴിവ് വന്ന സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ തന്നെ വലിയ വീറും വാശിയുമാണ് മുന്നണികൾ തമ്മിൽ ഉണ്ടായിരുന്നത്. രാഷ്ട്രീയ കേരളം മുഴുവൻ പാലായിൽ കേന്ദ്രീകരിക്കുന്ന അവസ്ഥ വരെ ഉണ്ടായി. പാലായിൽ പരസ്യപ്രചാരണം തീരുന്നതോടെ രാഷ്ട്രീയകേരളം വീണ്ടും ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്.

18 സംസ്ഥാനങ്ങളിലായി 64 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പാണ് ഒറ്റഘട്ടമായി നടത്തുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നിലവിൽ വരും.

ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന സംസ്ഥാനങ്ങൾ:
അരുണാചൽ – 1
അസം – 4
ബിഹാർ – 5 (ഒരു ലോക്സഭാ തെരഞ്ഞെടുപ്പ്)
ഛത്തീസ്‍ഗഢ് – 1
കേരളം – 5
ഗുജറാത്ത് – 4
ഹിമാചൽപ്രദേശ് – 2
കർണാടക – 15
കേരളം – 5
മധ്യപ്രദേശ് – 1
മേഘാലയ – 1
ഒഡിഷ – 1
പുതുച്ചേരി – 1
പഞ്ചാബ് – 4
രാജസ്ഥാൻ – 2
സിക്കിം – 3
തമിഴ്‍നാട് – 2
തെലങ്കാന – 1
ഉത്തർപ്രദേശ് – 11