എറണാകുളത്തെ മരടില്‍ തീരദേശ നിയന്ത്രണ മേഖലാ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങല്‍ ഈ മാസം 20 നകം പൊളിച്ചു മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതോടെ പ്രതിസന്ധിയിലായത് പ്രമുഖര്‍ ഉള്‍പ്പടേയുള്ള നിരവധി ഫ്ലാറ്റ് ഉടമകളാണ്. ചട്ടംലംഘിച്ചു പണിത ഫ്ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച കോടതി ഉത്തരവ് നടപ്പിലാക്കാന്‍ എല്ലാം നടപടികളും സ്വീകരിച്ചെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇതിനിടയിലാണ് ഫ്ലാറ്റ് പൊളിക്കാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് സ്വാധീനം ചെലുത്തിയെന്ന ആരോപണം ഉയര്‍ന്നുവന്നത്. എന്നാല്‍ മരടിലെ ഫ്ലാറ്റ് വാങ്ങിയ മറ്റുള്ളവരെ പോലും താനും കബളിക്കപ്പെടുകയായിരുന്നെന്നും ഫ്ലാറ്റ് പൊളിക്കാതിരിക്കാന്‍ താന്‍ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ലെന്നായിരുന്നു ജോണ്‍ ബ്രിട്ടാസിന്‍റെ വിശദീകരണം. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ജോണ്‍ ബ്രിട്ടാസിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കര്‍ രംഗത്ത് എത്തിയിരിക്കുന്നത്.
ബ്രിട്ടാസിന് നല്ല ഫെയ്ത്ത് ഉണ്ടായിരുന്നു
ഹോളി ഫെയ്ത്തില്‍ ബ്രിട്ടാസിന് നല്ല ഫെയ്ത്ത് ഉണ്ടായിരുന്നു. സുപ്രീംകോടതിയിലെ കണ്ണില്‍ ചോരയില്ലാത്ത ജഡ്ജിമാര്‍ കെട്ടിടം പൊളിക്കാന്‍ ഉത്തരവിട്ടപ്പോഴാണ് ചതി മനസിലായതെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാവപ്പെട്ടവരുടെ പാര്‍ട്ടിയെ സമരത്തിനിറക്കിയതില്‍ ബ്രിട്ടാസിനു പങ്കുണ്ടോ? ഇല്ല. അദ്ദേഹം ചെറുവിരല്‍ അനക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ചതിച്ചു
ചതിച്ചു! വഞ്ചിച്ചു!! കബളിപ്പിച്ചു!!!
ആരെ? എട്ടും പൊട്ടും തിരിയാത്ത കുട്ടികളെയല്ല, മുഖ്യമന്ത്രിയുടെ (പ്രതിഫലം വാങ്ങാത്ത) മാധ്യമോപദേഷ്ടാവിനെ. ആര്? ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ്. എങ്ങനെ? മരടില്‍ അനധികൃതമായി നിര്‍മിച്ച പാര്‍പ്പിട സമുച്ചയത്തിലെ ഒരു ഫ്ലാറ്റ് വലിയ വിലയ്ക്കു വിറ്റുകൊണ്ട്.

ജെബി ജങ്ഷനിലും ആരും പറഞ്ഞില്ല
ജോണ്‍ ബ്രിട്ടാസ് നന്മയും ഹൃദയ ശുദ്ധിയുമുളള ആളാണ്. പുഴ കയ്യേറിയും തീരദേശ നിയമം ലംഘിച്ചുമാണ് ഹോളി ഫെയ്ത്തുകാര്‍ കെട്ടിടം പണിതതെന്നോ വളരെ കാലമായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് നടക്കുന്നതോ അറിഞ്ഞില്ല. ജെബി ജങ്ഷനിലും ആരും പറഞ്ഞില്ല. മരട് മുന്‍സിപ്പാലിറ്റി കൊടുത്ത നമ്ബറിലെ അപാകത ശ്രദ്ധയില്‍ പെട്ടില്ല.

ചെറുവിരല്‍ അനക്കിയിട്ടില്ല
ഹോളി ഫെയ്ത്തില്‍ നല്ല ഫെയ്ത്ത് ഉണ്ടായിരുന്നു. അവരെ സര്‍ക്കാരിന്റെ ചില ജോലികള്‍ ഏല്പിക്കുകയുമുണ്ടായി. സുപ്രീംകോടതിയിലെ കണ്ണില്‍ ചോരയില്ലാത്ത ജഡ്ജിമാര്‍ കെട്ടിടം പൊളിക്കാന്‍ ഉത്തരവിട്ടപ്പോഴാണ് ചതി മനസിലായത്. പാവപ്പെട്ടവരുടെ പാര്‍ട്ടിയെ സമരത്തിനിറക്കിയതില്‍ ബ്രിട്ടാസിനു പങ്കുണ്ടോ? ഇല്ല. അദ്ദേഹം ചെറുവിരല്‍ അനക്കിയിട്ടില്ല.

എങ്കിലും ബ്രിട്ടാസേ ലോകമല്ലേ
ഇനി എന്തു ചെയ്യും? പനങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുമോ അതോ നഷ്ട പരിഹാരത്തിന് സിവില്‍ കേസ് കൊടുക്കണോ എന്ന് ആലോചിക്കുന്നു. മഹാനായ ഗര്‍വാസീസ് ആശാന്‍ ക്ഷമിക്കാനാണ് കൂടുതല്‍ സാധ്യത. മരടില്‍ നിന്ന് അധികം ദൂരെയല്ല, ഇടപ്പള്ളി. അവിടെ ജനിച്ച കവി ചങ്ങമ്ബുഴ പണ്ടേ പാടിയിട്ടുണ്ട്. “എങ്കിലും ബ്രിട്ടാസേ ലോകമല്ലേ?
പങ്കില മാനസര്‍ കാണുകില്ലേ? എന്നും പരിഹസിച്ചുകൊണ്ടാണ് ജയശങ്കര്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഞാനും കബളിപ്പിക്കപ്പെട്ടു
സുപ്രീംകോടതി വിധി പ്രകാരം ഫ്ലാറ്റ് പൊളിക്കുന്നത് തടയാനോ മറ്റെന്തെകിലും സ്വാധീനങ്ങള്‍ക്കോ ചെറുവിരല്‍ പോലും ഞാന്‍ അനക്കിയിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. മറ്റുളവരെപ്പോലെ ഞാനും കബളിപ്പിക്കപ്പെട്ടുവെന്ന് വളരെ വൈകിയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ബുദ്ധിമോശം തന്നെ
അനുമതികളും ബാങ്ക് അപ്രൂവലുകളും ഉള്ള ഫ്ലാറ്റ് ആയിരുന്നെങ്കിലും ഒരു ചങ്ങലവെച്ച് അളക്കുകയും CRZ നിയമം ( അന്ന് ആ നിയമം എന്താണെന്നു അറിയാവുന്നവര്‍ എത്ര പേര്‍ എന്നത് മറ്റൊരു കാര്യം) അരിച്ചു പെറുക്കി പരിശോധിക്കാതിരുന്നതും നിയമജ്ഞരുടെ സഹായത്തോടെ എല്ലാകാര്യങ്ങളും ഇഴകീറി നോക്കാതിരുന്നതും എന്റെ ബുദ്ധിമോശമാണ്.ശരാശരി ഫ്ലാറ്റ് ഉടമകള്‍ക്ക് സംഭവിച്ചതും ഈ ബുദ്ധിമോശം തന്നെ!! ഇങ്ങിനെ ഫ്ലാറ്റ് വാങ്ങുന്നവരെ ഞാന്‍ അപൂര്‍വമായി പോലും കണ്ടിട്ടില്ല എന്നത് മറ്റൊരു കാര്യം

രാഷ്ട്രീയ എതിര്‍പ്പുണ്ടെങ്കില്‍
അപ്പാര്‍ട്ട്മെന്റ് സൊസൈറ്റിയില്‍ സജീവ അംഗത്വവും കൃത്യമായി മെയിന്റനന്‍സ് അടക്കുകയും ചെയ്യുന്ന ഞാന്‍ ഫ്ലാറ്റ് മറ്റാരുടെയോ തലയില്‍ വെച്ച് ഊരി എന്ന് പ്രചരിപ്പിക്കുന്നവരെ ഒക്കെ എന്ത് ചെയ്യണം? രാഷ്ട്രീയ എതിര്‍പ്പുണ്ടെങ്കില്‍ അതിന്റെ ഗോദയില്‍ വന്നു മുട്ട്. അല്ലാതെ തറ വേലയില്‍ അഭിരമിച്ചു സ്വന്തം സംസ്ക്കാരം പുറത്തു വിടാതെയെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫ്ലാറ്റ് പൊളിക്കട്ടെ
പൊളിക്കണം എന്നതാണ് തീരുമാനമെങ്കില്‍ ഫ്ലാറ്റ് പൊളിക്കട്ടെ. പൊളിക്കുന്ന പക്ഷം കേരളസര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരമോ പുനരധിവാസമോ തേടാന്‍ എനിക്കു താല്പര്യമില്ല. എന്നാല്‍ കബളിപ്പിക്കപ്പെട്ട വ്യക്തി എന്ന നിലയില്‍, ഒരു ഇര എന്ന നിലക്ക്, എന്നെ വഞ്ചിച്ച ബില്‍ഡര്‍ക്കും അതിനു കൂട്ടുനിന്ന അധികൃതര്‍ക്കും ഒരു വ്യാഴവട്ടകാലത്തിലേറെ പലിശയും വായ്പാ മുതലും തിരിച്ചു വാങ്ങിയ ബാങ്കിനുമെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അധികാരം ഞാന്‍ നിലനിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയശങ്കര്‍
ഫേസ്ബുക്ക് പോസ്റ്റ്
ജോണ്‍ ബ്രിട്ടാസ്
ഫേസ്ബുക്ക് പോസ്റ്റ്