ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരെ പീഡന പരാതി നല്‍കിയ പെണ്‍കുട്ടിക്കെതിരെ പിടിച്ചുപറിക്കുറ്റം ചുമത്തി. കേസില്‍ ഇവരുടെ സുഹൃത്തുക്കളെന്ന് പറയപ്പെടുന്ന മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വാമി ചിന്മയാനന്ദില്‍ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിലാണ് കേസെടുത്തിരിക്കുന്നത്.

ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെ 14 ദിവസത്തേക്ക് ജ്യുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഷാജഹാന്‍പൂരിലെ നിയമ വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി.

ചിന്മയാനന്ദിനെ ഷാജഹാന്‍പൂര്‍ ജയിലേക്ക് മാറ്റി. എന്നാല്‍ ചിന്മയാനന്ദിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ലെന്നാണ് സൂചന. പകരം, ലൈംഗിക അതിക്രമത്തിനാണ് ചിന്മയാനന്ദിനെതിരെ കേസെടുത്തിരിക്കുന്നത്.

സഞ്ജയ് സിംഗ്, സച്ചിന്‍ സെംഗാര്‍, വിക്രം എന്ന് പേരായ മൂന്ന് യുവാക്കളാണ് ചിന്മയാനന്ദ് സമര്‍പ്പിച്ച പിടിച്ചുപറി കേസില്‍ അറസ്റ്റിലായത്. ഈ കേസില്‍ നാലാം പ്രതിയാണ് പരാതിക്കാരി. ഈ കേസില്‍ പെണ്‍കുട്ടിക്കെതിരെ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.