കോട്ടയം നഗരത്തിലെ കൊറിയര്‍ സ്ഥാപനത്തില്‍ ജീവനക്കാര്‍ക്ക് നേരെ മുളക് സ്‌പ്രേ അടിച്ച്‌ ഒരു ലക്ഷം രൂപ കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍. ഗുണ്ടാത്തലവനായ പനമ്ബാലം സ്വദേശി ജെയ്‌സ് മോന്‍ ( അലോട്ടി-25 ) ആണ് പോലീസ് പിടിയിലായത്. അലോട്ടി പിടിയിലായതോടെ ഗുണ്ടാ സംഘങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ഇയാളുടെ പക്കല്‍ നിന്ന് 32 തിരകള്‍, വിദേശ നിര്‍മിത കത്തി, കൈക്കോടാലി തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. നഗരത്തിലെ ലോഡ്ജ് മാനേജരെ കുത്തിക്കൊലപ്പെടുത്തിയതുള്‍പ്പെടെ 19 ക്രിമിനല്‍ കേസ് ഇയാള്‍ക്കെതിരെയുണ്ട്. ഇയാള്‍ക്കെതിരെ കാപ്പയും (ഗുണ്ടാ ആക്‌ട്) ചുമത്തുമെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ 16നാണ് നഗരത്തിലെ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരുടെ മുഖത്ത് മുളക് സ്‌പ്രേ അടിച്ച ശേഷം വേളൂര്‍ കൊച്ചുപറമ്ബില്‍ ബാദുഷ 20) തിരുവാര്‍പ്പ് കൈച്ചേരില്‍ അഖില്‍ ടി.ഗോപി (20) എന്നിവര്‍ ഒരു ലക്ഷം രൂപയുമായി കടന്നത്. പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചയുടെ മുഖ്യ ആസൂത്രകനെക്കുറിച്ച്‌ വിവരം ലഭിക്കുന്നത്. കുടുംബസമേതം താമസിക്കുന്ന കൊച്ചുമറ്റം പള്ളിവാതുക്കലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മുളക് സ്‌പ്രേയും മറ്റ് വിദേശ നിര്‍മിത ആയുധങ്ങളും ഓണ്‍ ലൈന്‍ വഴിയാണ് വാങ്ങിയിരുന്നത്. ഓണ്‍ലൈന്‍ വഴി എത്തുന്ന ഈ ഉത്പന്നങ്ങള്‍ വാങ്ങുവാനായി ഇയാള്‍ കൊറിയര്‍ സെന്ററില്‍ എത്തിയിരുന്നു.

കൊറിയര്‍ സെന്ററില്‍ വെച്ച വന്‍ തുക എണ്ണുന്നതു കണ്ടതോടെയാണ് കവര്‍ച്ചക്ക് പദ്ധതിയിടുന്നത്. കൃത്യത്തിനുശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതും അലോട്ടിയാണ്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. അനേകം ഫാന്‍സ് ഗ്രൂപ്പുകളുള്ള അലോട്ടി സമൂഹ മാധ്യമങ്ങളില്‍ സജീവമാിരുന്നു. അലോട്ടിയുടെ പേര് പച്ച കുത്തിയ യുവാക്കള്‍ ഇതിന്റെ ചിത്രങ്ങള്‍ ഈ വാട്‌സാപ് ഗ്രൂപ്പുകളില്‍ ഇട്ടിട്ടുണ്ട്. ആരാധന മൂത്ത് ഗുണ്ടാപ്രവര്‍ത്തനത്തിന് ഇറങ്ങിയവരും ഇക്കൂട്ടത്തില്‍പ്പെടും. ‘ആരാധകരെ’ കവര്‍ച്ചയ്ക്കും, ക്വട്ടേഷനും അയക്കുന്നതു അലോട്ടി നേരിട്ടാണ്. ‘അലോട്ടി സ്‌കെച്ച്‌’ എന്നാണ് ഇത്തരം ഓപ്പറേഷനു ഇവര്‍ നല്‍കിയിരിക്കുന്ന പേര്. പിടിക്കപ്പെട്ടാല്‍ ജാമ്യത്തില്‍ ഇറക്കുന്നതും അലോട്ടിയാണ്.

നഗരത്തില്‍ ചേരി തിരിഞ്ഞ് ഗുണ്ടാ സംഘങ്ങള്‍ വീണ്ടും സജീവമാകുന്നതായാണ് വിവരം. നഗരത്തിലെ കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് പണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ പൊലീസ് പിടിയിലായ അലോട്ടി യെ ചോദ്യം ചെയ്തപ്പോഴാണ് ഗുണ്ടാ ചേരിപ്പോരിനെക്കുറിച്ചും, കഞ്ചാവ് കച്ചവടവും ഗുണ്ടാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്ന സംഘങ്ങളെക്കുറിച്ചും വിവരം ലഭിച്ചത്. കുപ്രസിദ്ധ ഗുണ്ട അയ്മനം മാങ്കീഴേപ്പടി വിനീത് സഞ്ജയന്‍ (29)യുടെ നേതൃത്വത്തിലുള്ള സംഘവും അലോട്ടിയുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവുമാണ് കവര്‍ച്ച ഗുണ്ടാ ആക്രമണ കേസുകളില്‍ സജീവം. ആര്‍പ്പൂക്കര സ്വദേശിയായ ജോര്‍ജ് കുട്ടിയുടെ നേതൃത്വത്തില്‍ കഞ്ചാവ് മാഫിയയും പ്രവര്‍ത്തിക്കുന്നു. ഇതര ജില്ലകളിലും കവര്‍ച്ചയും ക്വട്ടേഷന്‍ ആക്രമണങ്ങളും ബ്ലേഡ് പിരിവും ഇയാള്‍ക്കുണ്ട്.അലോട്ടിയെ പിടികൂടുമ്ബോള്‍ ഇയാളുടെ പക്കല്‍ നിന്ന് 6 എടിഎം കാര്‍ഡുകള്‍ കണ്ടെടുത്തിരുന്നു. ഇതില്‍ ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപമുണ്ട്. വിദേശ നിര്‍മിത തോക്കുകളും ഇയാള്‍ക്കുണ്ടെന്നു പോലീസ് പറയുന്നു. ജില്ലയില്‍ മാത്രം 19 ക്രിമിനല്‍ കേസുകളാണ് അലോട്ടിക്കെതിരെയുള്ളത്.

ജില്ലാ പൊലീസ് മേധാവി പി.എസ്.സാബുവിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി ആര്‍.ശ്രീകുമാര്‍, വെസ്റ്റ് സിഐ എം.ജെ. അരുണ്‍, എസ്‌ഐ ടി. ശ്രീജിത്ത്, അഡീഷനല്‍ എസ്‌ഐ പി.എന്‍. രമേശ്, സിപിഒ പി.എന്‍. മനോജ്, കെ.ആര്‍. ബൈജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.