മകന് ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ വൈകിയ സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറത്തു പറഞ്ഞ പിതാവിനെതിരെ കേസെടുത്ത് പോലീസ്. ഉള്ളിയേരി സ്വദേശി ഷൈജുവിനെതിരെയാണ് പോലീസ് കേസെടുത്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ പരാതിയെതുടര്‍ന്നായിരുന്നു അറസ്റ്റ്.

ആശുപത്രിയില്‍ ഉച്ചയ്ക്ക് 3.40ന് ഒപി ടിക്കറ്റ് എടുത്ത് വൈകുന്നേരം ആറ് മണിവരെ അവശനായ മകനുമായി ക്യുവില്‍ നിന്നു. ഈ സമയം വൈകി വന്ന ചിലര്‍ വരി നില്‍ക്കാതെ ഡോക്ടറെ കണ്ടു മടങ്ങുകയും ചെയ്തു. ഇതില് പ്രതിഷേധിച്ചാണ് ഷൈജു ഫേസ്ബുക്ക് ലൈവ് നല്‍കിയത്.

എന്നാല്‍ ഇത് ജോലിക്ക് തടസം തീര്‍ത്തെന്ന് ആരോപിച്ച്‌ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.സംഭവം നടന്ന് 5 ദിവസത്തിന് ശേഷം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് ഷൈജുവിനെതിരെ കേസെടുത്തത്. കൊയിലാണ്ടി ജയിലിലാണ് ഇപ്പോള്‍ ഷൈജുവുള്ളത്. സംഭവത്തില്‍ മനുഷ്യാവകാശ ലംഘനമാണ് ഷൈജുവിനെതിരെ ഉണ്ടായത് എന്ന വാദവും ഉയരുന്നുണ്ട്.