സുപ്രീംകോടതിയിൽ സ്ഥിരം ഭരണഘടനാ ബഞ്ച് രൂപീകരിക്കും. അഞ്ച് മുതിർന്ന ന്യായാധിപർ അംഗങ്ങളാകുന്ന സ്ഥിരം ഭരണഘടനാബഞ്ചാകും രൂപീകരിക്കുക. ഭരണഘടനയുമായി ബന്ധപ്പെട്ട നിർണായകമായ നിയമവ്യവഹാരങ്ങൾ പരിഗണിക്കാനാണ് സ്ഥിരം സംവിധാനം രൂപീകരിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്. രാജ്യത്തെ പരമോന്നത കോടതിയുടെ എഴുപത് വർഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ് സ്ഥിരം ഭരണഘടനാബ‍ഞ്ച് രൂപീകരിക്കുന്നത്. ഒക്ടോബർ 1 മുതലാണ് പുതിയ ബഞ്ച് നിലവിൽ വരിക.

1950-ൽ ചീഫ് ജസ്റ്റിസുൾപ്പടെ വെറും എട്ട് പേർ മാത്രമായിരുന്നു സുപ്രീംകോടതിയിലുണ്ടായിരുന്നത്. ന്യായാധിപരുടെ എണ്ണം ഇപ്പോൾ 34 ആണ്. കേസുകളുടെ എണ്ണം അനുസരിച്ച് ന്യായാധിപരുടെ എണ്ണം കൂട്ടാമെന്ന പാർലമെന്‍റിന്‍റെ പുതിയ നിയമഭേദഗതി അനുസരിച്ച് സുപ്രീംകോടതിയിലേക്ക് കൂടുതൽ ന്യായാധിപരെത്തുകയാണ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകിയിരുന്നു.

കൂടുതൽ ജഡ്‍ജിമാരെത്തുന്ന സാഹചര്യത്തിലാണ്, ഒക്ടോബർ 1 മുതൽ പുതിയ ബഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തീരുമാനിച്ചത്. ഭരണഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ വന്നാൽ, ആദ്യം സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുന്ന രണ്ടംഗബഞ്ച്, മൂന്നംഗബഞ്ചിലേക്കും അവിടെ നിന്ന് തീർത്തും പ്രധാനപ്പെട്ടവ ഭരണഘടനാ ബഞ്ചിലേക്കും കൈമാറുകയായിരുന്നു പതിവ്. ഓരോ കേസിനും ഓരോ ഭരണഘടനാ ബഞ്ച് രൂപീകരിക്കുകയാണ് ചെയ്യാറ്.

ഇത്രയും ജഡ്ജിമാരുടെ സമയം പാഴാക്കിക്കൊണ്ട് പല തലങ്ങളിൽ കേസുകൾ കൈകാര്യം ചെയ്യുന്നതിന് പകരം, ഭരണഘടനയുമായി ബന്ധപ്പെട്ട് വ്യാഖ്യാനവും തർക്കവുമുള്ള കേസുകൾ ഇനി നേരിട്ട് ഭരണഘടനാ ബഞ്ചിലേക്ക് പോകും. ഓരോ കേസിനും അഞ്ചംഗങ്ങളുള്ള ഓരോ ബഞ്ച് രൂപീകരിക്കുന്നത് ഹെർക്കുലിയൻ ജോലിയായിരുന്നു, പല ചീഫ് ജസ്റ്റിസുമാർക്കും.

ആകെ 164 കേസുകളാണ് വിവിധ ഭരണഘടനാ ബഞ്ചുകളിലേക്ക് രണ്ടംഗ – മൂന്നംഗബഞ്ചുകൾ നിർദേശിച്ചിട്ടുള്ളത്. നിലവിൽ 37 കേസുകളാണ് വിവിധ ഭരണഘടനാബഞ്ചുകൾ പരിഗണിക്കുന്നത്. ഇത് പരിഗണിക്കാനാണ് സ്ഥിരം സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. ഇതുവരെ, രണ്ടംഗ-മൂന്നംഗ ബഞ്ചുകൾ മാത്രമാണ് സുപ്രീംകോടതിയിൽ സ്ഥിരം സിറ്റിംഗ് ചേരുന്നത്. ഇനി, സാധാരണകേസുകളെല്ലാം ഈ ബഞ്ചുകൾ പരിഗണിക്കുമ്പോൾ, ഭരണഘടനാ ബഞ്ചിന്, അതിന്‍റെ പരിഗണനയിലുള്ള കേസുകൾക്ക് കൂടുതൽ സമയം കണ്ടെത്താം.

കൊളീജിയത്തിന്‍റെ തലവനെന്ന നിലയിൽ ഏറ്റവും കൂടുതൽ ജഡ്ജിമാരെ നിയമിച്ച ചീഫ് ജസ്റ്റിസെന്ന ക്രെഡിറ്റ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‍ക്കാണ്. അദ്ദേഹത്തിന്‍റെ കാലത്താണ് സുപ്രീംകോടതിയിൽ 31 പദവികളിലേക്കും ജഡ്ജിമാരെ നിയമിച്ചത്.