ആർച്ച്ബിഷപ് ഡോ. സൂസപാക്യത്തിന്റെയും ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിലിന്റെയും നേതൃത്വത്തിൽ കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ മെത്രാന്മാർ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി. അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന ആദ് ലിമിന സന്ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.
വിഭാഗീയതയും അസമത്വവും സമൂഹത്തിലെ അസമാധാനത്തിനു കാരണങ്ങളാകുന്പോൾ സംവാദത്തിന്റെയും സൗഹൃദഭാഷണത്തിന്റെയും ദൗത്യമേറ്റെടുക്കണമെന്നു മാർപാപ്പ മെത്രാന്മാരോട് ആഹ്വാനം ചെയ്തു. അനുരഞ്ജനത്തിന്റെ പ്രവാചകരാകാനും നാഗരികതയുടെ ദുരവസ്ഥകളെ കാരുണ്യത്താൽ പവിത്രീകരിക്കാനും കഴിഞ്ഞാലേ ഇക്കാലത്തു സംഘർഷങ്ങളെ ഒഴിവാക്കാനാവൂ. അക്രമത്തെ സ്നേഹത്തിന്റെ സുവിശേഷംകൊണ്ടു പ്രതിരോധിക്കാൻ കഴിയണമെന്നും മാർപാപ്പ പറഞ്ഞു.
കേരളത്തിലെ പ്രളയക്കെടുതികളെക്കുറിച്ചു മെത്രാന്മാരോടു ചോദിച്ചറിഞ്ഞ മാർപാപ്പ ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും ശാന്തിയും സമാധാനവും ആശംസിച്ചു. കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ വൈസ് പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ (കൊച്ചി), സെക്രട്ടറി ജനറൽ ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ (കോഴിക്കോട്), ബിഷപ് ഡോ. വിൻസെന്റ് സാമുവൽ (നെയ്യാറ്റിൻകര), ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ (ആലപ്പുഴ), ബിഷഫ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ (വിജയപുരം), ബിഷപ് ഡോ. ജോസഫ് കാരിക്കശേരി (കോട്ടപ്പുറം), ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ (പുനലൂർ), ബിഷപ് ഡോ. അലക്സ് വടക്കുംതല (കണ്ണൂർ), ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി (കൊല്ലം), ബിഷപ് ഡോ. ജെയിംസ് ആനാപറന്പിൽ (ആലപ്പുഴ), ബിഷപ് ഡോ. ക്രിസ്തുദാസ് (തിരുവനന്തപുരം) എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മെത്രാൻസംഘം റോമിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ദിവ്യബലി അർപ്പിക്കുകയും വിശുദ്ധ പൗലോസിന്റെ കല്ലറയിൽ പ്രത്യേക പ്രാർഥന നടത്തുകയും ചെയ്തു.