കെ കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അഞ്ച് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. റോഷി ജോസ്, കുഞ്ഞികൃഷ്ണൻ , സി ടി സ്കറിയ, ടി വി അബ്ദുൽ സലീം, ജെ സെബാസ്റ്റ്യന്‍ എന്നിവരെയാണ് വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കെ കരുണാകരൻ ട്രസ്റ്റ് ഭരവാഹികളാണ് കോണ്‍ഗ്രസ് നേതാക്കളായ അഞ്ചുപേരും.

കെ കരുണാകരന്‍റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നതാണ് കേസ്. എട്ട് ഡയറക്ടര്‍മാരാണ് ട്രസ്റ്റിലുണ്ടായിരുന്നത്. ഇവരുമായി പിണങ്ങിയ രണ്ട് ഡയറക്ടര്‍മാരാണ് കേസുകൊടുത്തത്. തിരിമറിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസ് നേതാക്കളെ അറസ്റ്റ് ചെയ്തത്.

കോണ്‍ഗ്രസ്  നേതാക്കള്‍ നടത്തിയത് ആസൂത്രിത തട്ടിപ്പെന്ന് തളിപ്പറമ്പ് ഡിവൈഎസ്‍പി പറഞ്ഞു. കെ കരുണാകരൻ ട്രസ്റ്റ് രണ്ടു സ്ഥലങ്ങളിൽ കോണ്‍ഗ്രസ് നേതാക്കള്‍ രജിസ്റ്റർ ചെയ്തു. എന്നാല്‍ ആദ്യത്തെ ട്രസ്റ്റിലുള്ളവരെ രണ്ടാമത്തെ ട്രസ്റ്റ് രൂപീകരിക്കുന്നത് അറിയിച്ചിരുന്നില്ല. അതേസമയം കരാറുകാരന്‍റെ മരണത്തില്‍ അറസ്റ്റ് ഇപ്പോഴില്ലെന്നും ഡിവൈഎസ്‍പി പറഞ്ഞു.  നിയമോപദേശം തേടിയ ശേഷമായിരിക്കും നടപടികള്‍.