യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ കോതമംഗലം ചെറിയ പള്ളിയിലെ വിശുദ്ധന്‍റെ കബറിടം പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു. തൽസ്ഥിതി തുടരാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇതിനിടെ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ 37 പേർക്കെതിരെ കോതമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്.

എൽദോ മാർ ബസോലിയോസ് ബാവയുടെ കബറിടം യാക്കോബായ വിഭാഗം പൊളിച്ചുനീക്കുകയാണെന്നാരോപിച്ചാണ് ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. കബറിടം പൊളിക്കുന്നതിനെ ചൊല്ലി ഇരുവിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിൽ ഓർത്തഡോക്സ് വിഭാഗം റന്പാനടക്കമുള്ളവർക്ക് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. ഈ ഹർജിയിലാണ് കബറിടം പൊളിക്കരുതെന്നും തൽസ്ഥിതി തുടരണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചത്. എന്നാൽ തിരുശേഷിപ്പ് ആരും പള്ളിയിൽ നിന്ന് മാറ്റിയിട്ടില്ലെന്ന് സംസ്ഥാന സർക്കാരും ഹൈക്കോതിയെ അറിയിച്ചു. ഓർത്തഡോക്സ് വിഭാഗം പ്രശ്നങ്ങൾ ഉണ്ടാക്കാൻ മനപ്പൂർവ്വം ആരോപണം ഉന്നയിക്കുകയാണെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്.

അതേസമയം തങ്ങൾക്കനുകൂലമായ സുപ്രീംകോടതി വിധി കണക്കിലെടുത്ത് കബറിടം പൊളിച്ച് വിശുദ്ധന്‍റെ തിരുശേഷിപ്പ് മറ്റൊരിടത്തേക്ക് മാറ്റാനാണ് യാക്കോബായ വിഭാഗം ശ്രമിക്കുന്നതെന്നാണ് ഓർത്തഡോക്സ് വിഭാഗം പറയുന്നത്. കഴിഞ്ഞ ദിവസം ഇരുവിഭാഗവും തമ്മിൽ കോതമംഗലത്തുണ്ടായ സംഘർഷത്തില്‍ പൊലീസുകാരടക്കമുളളവർക്ക് പരുക്കേറ്റിരുന്നു. പൊലീസിന്റെ കൃത്യനിർവഹണത്തെ തടസ്സപ്പെുത്തിയതിന് കണ്ടാൽ അറിയുന്ന നൂറ് പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളിയിൽ പൊലീസ് കാവലും ഏർപ്പെടുത്തി.