പാലാ: ഉപതിരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ പാലരിവട്ടവും കിഫ്ബിയും ആയുധമാക്കി ഭരണ -പ്രതിപക്ഷ കക്ഷികളുടെ കൊട്ടിക്കലാശം.മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തില്‍ വിവിധ ഇടങ്ങളില്‍ പങ്കെടുത്തു. ശനിയാഴ്ച ശ്രീനാരായണ ഗുരു സമാധി ആയതിനാലാണ് പരസ്യ പ്രചാരണം ഇന്ന് അവസാനിപ്പിക്കാന്‍ മൂന്ന് മുന്നണികളും ഒരുമിച്ച് തീരുമാനിച്ചത്.
പാലാ കുരിശുപള്ളി കവലയിലായിരുന്നു യുഡിഎഫിന്റെ കൊട്ടിക്കലാശം. ഉപതിരഞ്ഞെടുപ്പിന്റെ വീറും വാശിയും തെളിയിക്കുന്നതായിരുന്നു മൂന്നു മുന്നണികളുടെയും കൊട്ടിക്കലാശം. മുഖ്യമന്ത്രി, ഉമ്മന്‍ ചാണ്ടി, ബിജെപി സംസ്ഥാന നേതാക്കള്‍ തുടങ്ങിയവരെല്ലാവരും മണ്ഡലത്തില്‍ സജീവമാണ്.
മൂന്ന് സ്ഥാനാര്‍ഥികളും പാലായില്‍ വിജയം അവകാശപ്പെടുന്നു. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. വെള്ളിയാഴ്ച ഫലപ്രഖ്യാപനമുണ്ടാകും. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന മണ്ഡലത്തില്‍ വിജയം പ്രവചിക്കുക അസാധ്യമാണ്.
കെ.എം മാണിയുടെ സ്മരണകള്‍ പറഞ്ഞാണ് യുഡിഎഫ് വോട്ട് തേടുന്നത്. എന്നാല്‍ മണ്ഡലത്തില്‍ പരിചിതനായ മാണി. സി. കാപ്പനിലാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നടന്ന മികച്ച പ്രകടനത്തിലാണ് എന്‍.ഡി.എ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്.