ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുടെ കാലാവാസ്ഥാ ഉച്ചകോടി നടക്കാനിരിക്കെ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ആഗോളവ്യാപകമായി പ്രതിഷേധം. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതിനും പാരിസ്ഥിതിക ദുരന്തം തടയുന്നതിനും അതത് സര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പസഫിക് ദ്വീപുകളിലും ഓസ്‌ട്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി.

വിദ്യാര്‍ഥികള്‍ മുതല്‍ വയോധികര്‍ വരെ ലക്ഷക്കണക്കിന് പേര്‍ പ്രക്ഷോഭത്തില്‍ അണിനിരന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഇരകളായ ഏഷ്യന്‍ രാജ്യങ്ങളിലാണ് ശക്തമായ പ്രതിഷേധം അലയടിച്ചത്. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലും റാലികള്‍ ആസൂത്രണം ചെയ്തിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി, ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി രാജ്യമായ ഓസ്‌ട്രേലിയയില്‍ ആഗോള കാലാവസ്ഥാ പണിമുടക്കില്‍ മൂന്ന് ലക്ഷം പേര്‍ അണിനിരന്നതായി സംഘാടകര്‍ പറയുന്നു. രാജ്യത്തൊട്ടാകെയുള്ള 110 പട്ടണങ്ങളിലും നഗരങ്ങളിലും പ്രതിഷേധം അരങ്ങേറി. 2030 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ ഉദ്‌വമനം ലക്ഷ്യമിടാന്‍ സര്‍ക്കാറിനോട് ജനക്കൂട്ടം ആഹ്വാനം ചെയ്തു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആക്ടിവിസത്തിന് നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഗ്രെറ്റ തന്‍ബെര്‍ഗ് എന്ന 16കാരിയുടെ നേതൃത്വത്തില്‍ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ന്യൂയോര്‍ക്കിലും വന്‍ പ്രതിഷേധ റാലി നടന്നു.

ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളിലേക്കുള്ള നീക്കം ഉള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാന ലഘൂകരണ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഎന്‍ കാലാവസ്ഥാ ഉച്ചകോടി ശനിയാഴ്ച ആരംഭിക്കാനിരിക്കെയാണ് പ്രതിഷേധം. ഉച്ചകോടി തിങ്കളാഴ്ച സമാപിക്കും.