ന്യൂഡല്‍ഹി: ആഭ്യന്തര കമ്ബനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച്‌ രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ അമേരിക്കയില്‍ നടക്കുന്ന ഹൗഡി മോദി പരിപാടിയുമായി ബന്ധപ്പെടുത്തിയാണ് രാഹുല്‍ ഗാന്ധി പരിഹസിച്ചത്.
ഹൗഡി ഇന്ത്യന്‍ എക്കോണമി റാലിയില്‍ ഓഹരി വിപണിയിലെ കുതിപ്പിനായി പ്രധാനമന്ത്രി എന്താണ് ചെയ്യുക എന്ന കാര്യം അതിശയകരമാണ്. 1.45 ലക്ഷം കോടി രൂപ. ഹൂസ്റ്റണിലെ പരിപാടി ലോകത്തിലെ ഏറ്റവും ചിലവേറിയ പരിപാടികളിലൊന്നാണ്. എന്നാല്‍ പ്രിയപ്പെട്ട മോദി ഇന്ത്യയെ എത്തിച്ച സാമ്ബത്തിക കുഴപ്പത്തിന്റെ യാഥാര്‍ത്ഥ്യം ഒരു പരിപാടി കൊണ്ടും മറച്ചുവെക്കാനാവില്ല’- രാഹുല്‍ ട്വീറ്റ് ചെയ്തു. കോര്‍പ്പറേറ്റ് നികുതി കുറച്ചതിലൂടെ സര്‍ക്കാരിന് വര്‍ഷവും 1.45 ലക്ഷം കോടി രൂപയുടെ വരുമാനക്കുറവുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഹൗഡിഇന്ത്യന്‍എക്കോണമി എന്ന ഹാഷ്ടാഗോടെയാണ് രാഹുലിന്റെ ട്വീറ്റ്.

രാഹുലിന്റെ ട്വീറ്റിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയും കോര്‍പ്പറേറ്റ് ടാക്സ് വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ രംഗത്തെത്തി.

‘ നിരവധി എതിര്‍പ്പുകളെ അവഗണിച്ചാണ് നിങ്ങളുടെ 2019 ബജറ്റില്‍ കോര്‍പ്പറേറ്റ് നികുതി 30 ശതമാനം ഉയര്‍ത്തിയത്. ഇപ്പോള്‍ നിങ്ങളുടെ ധനമന്ത്രി തന്നെ അത് കുറച്ചിട്ട് ആ തീരുമാനത്തെ നിങ്ങള്‍ ചരിത്രപരം എന്ന് വിളിക്കുന്നു. സമ്ബന്നമായ ഒരു സാമ്ബത്തിക വ്യവസ്ഥയെ തകര്‍ത്തതിന്റെ ഉത്തരവാദിത്യം നിങ്ങളേറ്റെടുക്കുന്നില്ല എന്നതുമാത്രമാണ് ഇവിടെ ചരിത്രപരമായ കാര്യം- കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.’