ദേശീയ ടീമിനായി കളിക്കുന്നതിന് മെസ്സി കിട്ടിയ വിലക്ക് കുറയ്ക്കാന്‍ വേണ്ടി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ അപ്പീല്‍ നല്‍കും. ഇപ്പോള്‍ മൂന്ന് മാസത്തെ വിലക്ക് നേരിട്ടു കൊണ്ടിരിക്കുകയാണ് മെസ്സി. അര്‍ജന്റീനയ്ക്ക് വേണ്ടി കോപ അമേരിക്കയില്‍ കളിക്കുമ്ബോള്‍ വാങ്ങിയ ചുവപ്പ് കാര്‍ഡിനും അതിനു ശേഷം മെസ്സി നടത്തിയ വിമര്‍ശനങ്ങള്‍ക്കും ആണ് താരം വിലക്ക് നേരിടുന്നത്.

മെസ്സി ചിലിക്ക് എതിരായ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിലായിരുന്നു ചുവപ്പ് കാര്‍ഡ് വാങ്ങിയത്. ആ മത്സര ശേഷം ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ അസോസിയേഷനെതിരെ രൂക്ഷ വിമര്‍ശനം തന്നെ മെസ്സി നടത്തിയിരുന്നു. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ അസോസിയേഷന്‍ മുഴുവന്‍ അഴിമതി ആണെന്നും കോപ അമേരിക്ക ബ്രസീലിനെ വിജയിപ്പിക്കാന്‍ വേണ്ടി നടത്തുന്നതാണെന്നുമായിരുന്നു മെസ്സിയുടെ വിമര്‍ശനം. അപ്പീല്‍ കൊടുക്കും എങ്കിലും വിലക്ക് കുറക്കും എന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് വലിയ പ്രതീക്ഷകള്‍ ഇല്ല.