പാലാ: പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലായിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശ വേദിയിലാണ് മറുപടി പറഞ്ഞത്.

അഴിമതിക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകും. അഴിമതിക്കാരെ കാത്തിരിക്കുന്നത് സര്‍ക്കാര്‍ ഭക്ഷണമാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ആ തൊപ്പിയെടുത്ത് രമേശ് ചെന്നിത്തല തലയില്‍ വച്ചു. പേര് പോലും പറയാതിരുന്നിട്ടും എന്തിനാണിത്ര വേവലാതിയെന്ന് മനസിലാകുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഭക്ഷണം കഴിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകേണ്ടിവരുമെന്ന പ്രതിപക്ഷത്തിന്‍റെ ആക്ഷേപത്തിന് പിണറായി വിജയന്‍റെ മറുപടി ഇങ്ങനെ. ഒന്നരക്കൊല്ലം സര്‍ക്കാര്‍ ഭക്ഷണം കഴിച്ചിട്ടുണ്ട്. പക്ഷെ അഴിമതി കാണിച്ചിട്ടില്ല. അതുകൊണ്ട് അത് പറഞ്ഞ് ആരും വിരട്ടാന്‍ വരേണ്ടതില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

കെഎസ്‌ഇബി ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ പേരില്‍ വലിയ അഴിമതിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. പക്ഷെ അത് ചീറ്റിപ്പോയെന്ന് പിണറായി വിജയന്‍ പരിഹസിച്ചു.