കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് അനുചിതമായ പ്രവൃത്തിയുണ്ടായിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പ് നല്‍കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രീംകോടതിയില്‍.
വരുന്ന തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങിയെന്നും, പൊളിക്കല്‍ നടപടികള്‍ക്ക് താന്‍ തന്നെ മേല്‍നോട്ടം വഹിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
കോടതിവിധി ലഭിച്ച ഉടന്‍ തന്നെ നടപടികള്‍ ആരംഭിച്ചിരുന്നു. മരട് മുനിസിപ്പാലിറ്റിയുമായി ആശയവിനിമയം നടത്തി, ഫ്‌ളാറ്റ് ഉടമകള്‍ക്ക് നോട്ടിസ് നല്‍കി, പൊളിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് തുടക്കമിട്ടു തുടങ്ങി ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്ന പന്ത്രണ്ട് രേഖകളും ചീഫ് സെക്രട്ടറി കോടതിയില്‍ സമര്‍പ്പിച്ചു. തിങ്കളാഴ്ച ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് മരട് കേസ് പരിഗണിക്കുമ്ബോള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കും.