തിരുവനന്തപുരം: പി.എസ്.സി പരീക്ഷതട്ടിപ്പില് യൂനിവേഴ്സിറ്റി കോളജിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രതികളായേക്കുമെന്ന് അന്വേഷണസംഘം. തട്ടിപ്പിെന്റ മുഖ്യസൂത്രധാരനെന്ന് വിലയിരുത്തുന്ന രണ്ടാംപ്രതി പി.പി. പ്രണവിനെ ചോദ്യംചെയ്തതില്‍നിന്നാണ് കൂടുതല്‍പേരെക്കുറിച്ച് വിവരം ലഭിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ത്തിയതിലും ഉത്തരങ്ങള്‍ പറഞ്ഞുനല്കിയതിലും കൂടുതല്‍പേര്‍ക്ക് പങ്കുണ്ടെന്ന നിലയിലാണ് മൊഴി.
എന്നാല്‍, ആരൊക്കെയെന്നും ചോദ്യം ലഭിച്ചതെങ്ങനെയെന്നും വെളിപ്പെടുത്തിയിട്ടില്ല. ഇൗ സാഹചര്യത്തില്‍ ശാസ്ത്രീയപരിശോധനയുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ ശേഖരിക്കാനും ചോദ്യംചെയ്യാനുമാണ് തീരുമാനം. ആവശ്യമെങ്കില്‍ നുണപരിശോധന നടത്തും.
വെള്ളിയാഴ്ച രാവിലെ 11 വരെയാണ് പ്രണവിനെയും സഫീറിനെയും അന്വേഷണസംഘത്തിെന്റ കസ്റ്റഡിയില്‍ വിട്ടത്. ചോദ്യംചെയ്യലും തെളിവെടുപ്പും പുരോഗമിക്കുകയാണ്. തട്ടിപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് തെളിവുകളും കണ്ടെത്താനായില്ല.
നിലവില്‍ അഞ്ച് പ്രതികളാണുള്ളത്. പ്രണവാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് മറ്റ് പ്രതികളായ ശിവരഞ്ജിത്ത്, നസീം, ഗോകുല്‍, സഫീര്‍ എന്നിവര്‍ മൊഴി നല്‍കിയിരുന്നു. പ്രണവിനെ മുഖ്യസൂത്രധാരനായി കണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. ഉത്തരങ്ങള്‍ ലഭിച്ചെന്നും എസ്.എം.എസായി അയെച്ചന്നും മറ്റ് നാല് പ്രതികള്‍ സമ്മതിച്ച സാഹചര്യത്തില്‍ ചോദ്യപേപ്പര്‍ എങ്ങനെ ചോര്ന്നെന്നത് മനസ്സിലാക്കുകയായിരുന്നു പ്രണവിനെ കസ്റ്റഡിയില്‍ വാങ്ങിയപ്പോള്‍ അന്വേഷണസംഘത്തിെന്റ മുഖ്യലക്ഷ്യം. എന്നാല്‍ ചില സുഹൃത്തുക്കള്‍ സഹായിച്ചെന്ന് മാത്രം പറഞ്ഞ പ്രണവ്, പരസ്പരവിരുദ്ധ മൊഴികളാണ് നല്‍കിയത്.