ബെംഗളൂരു: ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്ട് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന പ്രദേശത്തെ ചിത്രങ്ങള്‍ യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ പകര്‍ത്തിയെങ്കിലും ഇടിച്ചിറങ്ങിയ ലാന്‍ഡറിന്റെ ചിത്രം പതിഞ്ഞിട്ടില്ല. നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്ററാണ് (എല്‍ആര്‍ഒ) ചിത്രങ്ങളെടുത്തത്. എന്നാല്‍ ചിത്രങ്ങള്‍ വിശദമായി പരിശോധിക്കുകയാണെന്ന് നാസ സീനിയര്‍ കമ്യൂണിക്കേഷല്‍സ് ടീം ലീഡ് ഗ്രേ ഹൌതലോമ അറിയിച്ചു.
ചന്ദ്രന്റെ ദക്ഷിണധ്രുവം നിഴല്‍ പ്രദേശമായതിനാല്‍ ഇവിടെ വെളിച്ചം കുറവാണ്. ഇതിനു പുറമെ എല്‍ആര്‍ഒ പകര്‍ത്തിയ ചിത്രങ്ങള്‍ക്കു വേണ്ടത്ര വ്യക്തതയില്ലാത്തതും വിക്രം ലാന്‍ഡര്‍ പതിയാതെ പോയതിനു കാരണമായി ചൂണ്ടിക്കാട്ടുന്നു. നിഴലുകള്ക്കിടയിലായിരിക്കും ലാന്‍ഡര്‍ മറഞ്ഞിരിക്കുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം.
ചാന്ദ്ര പകലിന്റെ തുടക്കം കണക്ക് കൂട്ടിയാണ് ഇസ്രൊ സെപ്റ്റംബര്‍ ഏഴിന് തന്നെ വിക്രമിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കാന്‍ പദ്ധതിയിട്ടത്. പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന വിക്രമിന്റെ ആയുസ് ചാന്ദ്ര പകലിനൊപ്പം അവസാനിക്കും. ചന്ദ്രന്റെ രാത്രി സമയത്തെ കടുത്ത തണുപ്പ് അതിജീവിക്കാനുള്ള സംവിധാനങ്ങളൊന്നും വിക്രമിനകത്ത് ഇല്ല. ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തില്‍ വിക്രമിലെ ഉപകരണങ്ങള്‍ക്ക് കേട് സംഭവിച്ചിരിക്കുമെന്നാണ് വിദഗ്ധര്‍ അനുമാനിക്കുന്നത്.
ചാന്ദ്രപകല്‍ നാളെ കഴിയാനിരിക്കെ ഇരുള് പടരും. ലാന്‍ഡറിലെ ബാറ്ററികളുടെ ആയുസും ഇതോടെ അവസാനിക്കും. കഴിഞ്ഞ 7 മുതല്‍ വിക്രവുമായി ആശയവിനിമയം പുനസ്ഥാപിക്കാന്‍ ഇസ്റോ നടത്തുന്ന ശ്രമങ്ങള്‍ക്കും ഇതോടെ തിരശീല വീഴും. ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ ചന്ദ്രനു ചുറ്റും കുറഞ്ഞത് 7 വര്‍ഷമെങ്കിലും ഭ്രമണം നടത്തി പര്യവേഷണം നടത്തും.
സെപ്റ്റംബര്‍ ഏഴിന് സോഫ്റ്റ് ലാന്‍ഡിങ്ങ് നടപടിയുടെ അവസാന ഘട്ടത്തിലാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാമെന്ന നിഗമനത്തിലാണ് ഐ.എസ്.ആര്.ഒ.