തെഹ്റാന്‍: സൗദി അറേബ്യയുടെ ആരാംകോ എണ്ണശുദ്ധീകരണ ശാലകള്‍ക്ക് നേരെയുണ്ടായ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കയോ സൗദിയോ ഇറാനെതിരെ സൈനിക ആക്രമണം നടത്തിയാല്‍ സമ്ബൂര്‍ണ്ണ യുദ്ധമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ്. സൗദിയുടെ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ പിന്നാലെ ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെയാണ് ഇറാന്‍റെ മുന്നറിയിപ്പ്.

സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് ഇറാന്‍ കരുതുന്നത്. ഇതിനുവേണ്ടി പ്രാദേശിക എതിരാളികളായ സൗദി അറേബ്യയുമായും യുഎഇയുമായും ചര്‍ച്ചകള്‍ നടത്താന്‍ ഇറാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്നെ 2015 ലെ ആണവകരാര്‍ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അമേരിക്ക തയ്യാറാവുന്നത് വരെ അവരുമായി ചര്‍ച്ചക്ക് തയ്യറാല്ലെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

സൗദിയുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ക്കെതിരെ കഴിഞ്ഞയാഴ്ച്ചയുണ്ടായ ആക്രമത്തില്‍ ഇറാന് പങ്കില്ലെന്ന് സരിഫ് ആവര്‍ത്തിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം യെമനിലെ ഹൂത്തി വിമതര്‍ എറ്റെടുത്തിട്ടുണ്ട്. രാജ്യത്തിന്‍റെ ഊര്‍ജ്ജ ഉല്‍പാദനത്തിന്‍റെ പകുതിയോളം തകര്‍ക്കാന്‍ പ്രാപ്തിയുള്ള ഒരു നൂതനമായ ആക്രമണം നടത്താന്‍ അവര്‍ക്ക് എങ്ങനെ സാധിച്ചുവെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.