ദുബായ്: ദുബായ് ബസ് അപകടത്തില്‍ ഡ്രൈവര്‍ നടത്തിയ കുറ്റസമ്മതം സാങ്കേതിക കാരണങ്ങളാല്‍ നിലനില്‍ക്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് ദമുബായ് കോടതിയില്‍ പറഞ്ഞു. മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണം തന്റെ പിഴവാണെന്ന് ഒമാന്‍ സ്വദേശിയായ ബസ് ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു.
സംഭവത്തില്‍ ഏഴ് വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഡ്രൈവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. വിധിക്കെതിരെ ഡ്രൈവര്‍ നല്കിയ അപ്പീലിന്മേല് വ്യാഴാഴ്ച കോടതി വാദം കേട്ടു. ഒക്ടോബര്‍ 31-ന് അപ്പീല്‍ കോടതി വിധിപറയും. അപകടത്തിന് കാരണമായത് അശാസ്ത്രീയമായി നിര്‍മിച്ച വേഗനിയന്ത്രണ സംവിധാനമായിരുന്നെന്ന് ഡ്രൈവറുടെ അഭിഭാഷകന് വാദിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചല്ല അത് നിര്‍മിച്ചത്. നിര്‍മാണത്തില്‍ സാങ്കേതിക തകരാറുകളുണ്ട്. അപകടമുണ്ടായാല്‍ ആഘാതം കുറയ്ക്കുന്ന രീതിയിലായിരിക്കണം ബാരിയറുകള്‍ സ്ഥാപിക്കേണ്ടതെന്നും അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. 53-കാരനായ ഡ്രൈവറുടെ സാന്നിധ്യത്തിലായിരുന്നു കേസില്‍ വാദം നടന്നത്. അതേസമയം, റോഡ് എന്‍ജിനിയറിങ് വിദഗ്ധനെ നിയോഗിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത്.
ജൂണ്‍ ആറിന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ച് ഒമാനില്‍ നിന്ന് ദുബായിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മുപ്പത് യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപം വലിയ ഉയരമുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ വെച്ചിരുന്ന സൈന്‍ ബോര്‍ഡിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. പെരുന്നാള്‍ ആഘോഷിച്ച ശേഷം ഒമാനില്‍ നിന്ന് മടങ്ങിയെത്തിയവരായിരുന്നു ബസിലുണ്ടായിരുന്നതില്‍ ഭൂരിഭാഗവും. മരിച്ചവരില്‍ എട്ട് മലയാളികള്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. 15 പേര് സംഭവ സ്ഥലത്ത് വെച്ചും രണ്ട് പേര് പിന്നീട് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.