തിരുവനന്തപുരം: ഭൂമി വിറ്റ പണത്തിനു വേണ്ടി പെറ്റമ്മയെ പൂട്ടിയിട്ട് നരകിപ്പിച്ച്‌ മകന്റെ പൈശാചികത. തിരുവനന്തപുരം ബാലരാമപുരത്ത് എണ്‍പത് വയസുള്ള ലളിതയോടാണ് മകനായ വിജയകുമാര്‍ ‘മാതൃസ്നേഹം’ കാട്ടിയത്.

സ്വത്ത് തട്ടിയെടുക്കാനായി വിജയകുമാര്‍ അമ്മയെ പൂട്ടിയിട്ടതാണെന്ന മറ്റുമക്കളുടെയും ബന്ധുക്കളുടെയും പരാതിയില്‍ വിജയകുമാറിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

വ്യാഴാഴ്‌ച രാത്രിയോടെയാണ് സംഭവം. വൈകിട്ട് മുതല്‍ അമ്മയെ കാണാന്‍ രണ്ടു മക്കളും ചില ബന്ധുക്കളും വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ എത്ര പറഞ്ഞിട്ടും വിജയകുമാര്‍ അതിന് അനുവദിച്ചില്ല.

മാത്രമല്ല വീടും ഗേറ്റും ഇയാള്‍ അടച്ചുപൂട്ടുകയും ചെയ്‌തു. സഹോദരങ്ങളും പഞ്ചായത്ത് മെമ്ബറും അയല്‍ക്കാരും ആവര്‍ത്തിച്ച്‌ അവശ്യപ്പെട്ടിട്ടും അമ്മയെ കാണിക്കാന്‍ ഇയാള്‍ തയാറായില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെ പൊലീസിനെ വിളിക്കുകയായിരുന്നു.

തുടര്‍ന്ന് സി.ഐയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം വീട് ചവിട്ടി തുറന്നു. ഉറക്കെ കരയാന്‍ പോലും കഴിയാതെ ഒരു പുതപ്പില്‍ പൊതിഞ്ഞ് പുഴുവരിച്ച നിലയില്‍ കിടക്കുന്ന വൃദ്ധയെയായിരുന്നു വീട്ടിനുള്ളില്‍ കണ്ടത്. മറ്റു മക്കള്‍ ചേര്‍ന്ന് അല്‍പം വെള്ളം കൊടുത്ത ശേഷം ലളിതയെ ആശുപത്രിയിലേക്ക് മാറ്റി.

ഭൂമി വിറ്റ 15 ലക്ഷത്തോളം രൂപ അമ്മയുടെ അക്കൗണ്ടിലുണ്ട്. ഇതു തട്ടിയെടുക്കാനാണ് ബന്ധുക്കളെ കാണിക്കാതെ അമ്മയെ പൂട്ടിയിട്ടതെന്നാണ് മറ്റു മക്കള്‍ പറയുന്നത്. ഭാര്യയും മക്കളുമായി മറ്റൊരു വീട്ടിലാണ് വിജയകുമാ‌റിന്റെ താമസം.