ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാക്കിസ്ഥാനെതിരെ സൈനിക നടപടിക്കു തയാറെടുത്തിരുന്നതായി മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ വെളിപ്പെടുത്തല്‍. മന്‍മോഹന്‍ സിങ്ങുമായി വളരെ അടുത്ത ബന്ധമാണു തനിക്ക് ഉണ്ടായിരുന്നതെന്നും അദ്ദേഹം വിശുദ്ധനായ മനുഷ്യനായിരുന്നുവെന്നും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ഫോര്‍ ദി റെക്കോര്‍ഡ്’ എന്ന ഓര്‍മക്കുറിപ്പില്‍ ഡേവിഡ് കാമറണ്‍ വെളിപ്പെടുത്തി.
2011ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം കാമറണ്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. മന്‍മോഹന്‍സിങ്ങുമായി നടത്തിയ ചര്‍ച്ചയിലാണ് സൈനിക നടപടി അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് തന്നോടു വിശദീകരിച്ചതെന്നു കാമറണ്‍ പറയുന്നു. 2008ലും 2011ലും മുംബൈയില്‍ ഭീകരാക്രമണം ഉണ്ടായി. ഒപെറ ഹൗസ്, സാവേരി ബസാര്‍, ദാദര്‍വെസ്റ്റ് എന്നിവിടങ്ങളിലായിരുന്നു 2011ല്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 130 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇനിയൊരു ആക്രമണം കൂടി പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായിരുന്നുവെങ്കില്‍ മന്‍മോഹന്‍ സൈനിക ആക്രമണത്തിനു മുതിരുമായിരുന്നു. ഇക്കാര്യം തന്നോടു മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നതായി പുസ്തകത്തില്‍ ഡേവിഡ് കാമറണ്‍ പറയുന്നു.
മന്‍മോഹന്‍ സിങ്ങുമായി നല്ലൊരു ബന്ധം സ്ഥാപിക്കാന്‍ എനിക്കായിട്ടുണ്ട്. വിശുദ്ധനായൊരു മനുഷ്യനാണ് അദ്ദേഹം. എന്നാല്‍, പിന്നീട് ഒരു തവണ കണ്ടപ്പോള്‍, പാകിസ്ഥാന്‍ മുംബൈ ഭീകരാക്രമണം പോലെ മറ്റൊന്നു കൂടിയുണ്ടായാല്‍ പാക്കിസ്ഥാനെതിരെ സൈനിക നീക്കം ഉണ്ടാകുമെന്ന് മന്‍മോഹന്‍ പറഞ്ഞുവെന്നും അദ്ദേഹം എഴുതുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തലവന്‍, പ്രധാനമന്ത്രി എന്നീ നിലകളില്‍ യുകെയുടെയും പാര്‍ട്ടിയുടെയും ഇന്ത്യയോടുള്ള നിലപാട് മയപ്പെടുത്തി മികച്ച ബന്ധം സ്ഥാപിക്കുന്നതിന് കാമറൂണ്‍ മികച്ച പങ്കാണ് വഹിച്ചത്. 2010ലെ തെരഞ്ഞെടുപ്പില്‍ യുകെയിലുളള ഒന്നര ദശലക്ഷം ഇന്ത്യക്കാരില്‍ നല്ലൊരു ശതമാനം പേരും വോട്ടു ചെയ്തതും കാമറൂണിനായിരുന്നു. ഇത് കാമറൂണിനു വന്‍നേട്ടമായി.
ഇന്ത്യ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു വ്യക്തമായ ധാരണ മന്‍മോഹന് ഉണ്ടായിരുന്നു. എന്തും നേരിടാനുള്ള മനക്കരുത്തും അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ത്യയില്‍ വന്ന വേളയില്‍ മന്‍മോഹന്‍ സിങ്ങുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്നും കാമറണ്‍ പറയുന്നു. ഇന്ത്യയുമായി പുതിയ പങ്കാളിത്തം ആവശ്യമാണെന്ന നിലപാടാണ് താന്‍ സ്വീകരിച്ചിരുന്നതെന്നും യുഎസുമായി ഉണ്ടായിരുന്ന പ്രത്യേക ബന്ധത്തിനു പകരം ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള സവിശേഷ ബന്ധമാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും കാമറണ്‍ പറഞ്ഞു.