ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കസേരയോ തലയിണയോ അനുവദിക്കാത്തതിനാല്‍ നടുവേദന ഉണ്ടാകുന്നുവെന്നു മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം. ഐഎന്‍എക്സ് മീഡിയ കേസില്‍ ഈ മാസം അഞ്ചിനാണു ചിദംബരത്തെ ജയിലിലാക്കിയത്. 74 വയസ്സുള്ള തനിക്ക് ആരോഗ്യ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു അഭിഭാഷകര്‍ മുഖേന ചിദംബരം ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണു ജയില്‍ ജീവിതത്തെക്കുറിച്ചു പരാമര്‍ശിച്ചത്.
‘ജയില്‍ മുറിക്കു പുറത്തു കസേരകള്‍ ഉണ്ടായിരുന്നു. പകല്‍ സമയത്ത് അവിടെ ഇരിക്കാറുമുണ്ട്. താന്‍ ഉപയോഗിക്കുന്നതു കൊണ്ടാകണം മൂന്നു ദിവസം മുമ്ബ് കസേരകള്‍ അപ്രത്യക്ഷമായി. വാര്‍ഡനു പോലും ഇപ്പോള്‍ കസേരയില്ല. കുറച്ചു ദിവസങ്ങളായി തലയിണയും ലഭിക്കുന്നില്ല.’- ചിദംബരത്തിന്റെ അഭിഭാഷകരും കോണ്‍ഗ്രസ് നേതാക്കളുമായ കപില്‍ സിബലും അഭിഷേക് മനു സിങ്വിയും കോടതിയോടു പറഞ്ഞു.
ചെറിയ പ്രശ്നമാണിതെന്നും ഒച്ചപ്പാടുണ്ടാക്കേണ്ട കാര്യമില്ലെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടു. അതത്ര നല്ല കസേരയായിരുന്നില്ല. തുടക്കം മുതല്‍ ചിദംബരത്തിന്റെ മുറിയില്‍ കസേരയില്ലായിരുന്നെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ മൂന്നു വരെ ചിദംബരത്തിന്റെ കസ്റ്റഡി നീട്ടിയ കോടതി, അദ്ദേഹത്തിന്റെ ആവശ്യങ്ങളായ ആരോഗ്യ പരിശോധന, തലയിണ, കസേര എന്നിവ അനുവദിക്കാനും നിര്‍ദേശിച്ചു.