കോട്ടയം : ശബരിമലയില്‍ യുഡിഎഫിന്റെ കാട്ടായം അയ്യപ്പ സ്വാമി പൊറുക്കില്ലെന്ന് മന്ത്രി എം.എം.മണി.എ കെ ആന്റണിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇടതുമുന്നണി ആരുടെയും വിശ്വാസപ്രമാണങ്ങളെ എതിര്‍ത്തില്ല. നാലു വോട്ടിന് വേണ്ടി ചെപ്പടിവേല കാണിച്ചത് യുഡിഎഫ് ആണെന്നും മന്ത്രി മണി ആരോപിച്ചു.

ശബരിമല വിഷയത്തില്‍ കോടതി വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ച എടുത്തു ചാട്ടവും മര്‍ക്കടമുഷ്ടിയുമാണ് ശബരിമലയെ കലാപഭൂമിയാക്കിയതെന്ന് പാലായില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എ കെ ആന്റണി ആരോപിച്ചിരുന്നു. മൂന്നര വര്‍ഷമായി ഉണ്ടായ കോടതിവിധികളെല്ലാം ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞ പിണറായി, ശബരിമല വിഷയത്തില്‍ മാത്രം വിധിനടപ്പാക്കാന്‍ ധൃതി കാണിച്ചതെന്തെന്ന് വ്യക്തമാക്കണം.

കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് പ്രചരണത്തിന് കേരളത്തിലെത്തിയ മോദി, വിശ്വാസം സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് പറഞ്ഞ വാക്ക് പാലിക്കുവാന്‍ തയ്യാറുണ്ടോ എന്ന് ബിജെപി നേതാക്കളും വ്യക്തമാക്കണം. ശബരിമല വിഷയത്തില്‍ വിശ്വാസ സമൂഹത്തെ വഞ്ചിച്ച നരേന്ദ്ര മോദിയേയും പിണറായി വിജയനേയും പാഠം പഠിപ്പിക്കണമെന്നും എ.കെ.ആന്റണി പറഞ്ഞിരുന്നു.