ന്യുയോര്‍ക്ക്-ന്യുജെഴ്‌സി മേഖലയിലെ വലിയ ഓണാഘോഷം സംഘടിപ്പിച്ചു കൊണ്ട്കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കെഎഎന്‍ജെ)മികവ് തെളിയിച്ചു. 1500-ല്‍ പരം പേര്‍ ഓണം ഉണ്ടു കഴിഞ്ഞപ്പോള്‍ പിന്നെയും ആള്‍ ബാക്കി. അവസാന നിമിഷം ടിക്കറ്റിനു വിളിച്ച 250-ല്‍ പരം പേരെ നേരത്തെ തന്നെ നിരാശപ്പെടുത്തേണ്ടി വന്നുവെന്നും ഇങ്ങനെ പോയാല്‍ 5000 പേര്‍ക്ക് ഇരിക്കാവുന്ന ഹാള്‍ കണ്ടു പിടിക്കേണ്ടി വരുമെന്നും സെക്രട്ടറി ബൈജു വര്‍ഗീസ് സ്വാഗത പ്രസംഗത്തില്‍ പറയുകയും ചെയ്തു. അസോസിയേഷനുകള്‍ മെലിഞ്ഞു കൊണ്ടിരിക്കുമ്പോഴാണു ആഹ്ലാദം പകരുന്ന ഈ പ്രസ്താവന.

ഓണാഘോഷത്തിനെത്തിയവരില്‍ നല്ലൊരു പങ്ക് യുവജനത ആയിരുന്നു. മലയാളികള്‍ മാത്രമല്ല തമിഴരും തെലുങ്കരുമെത്തി എന്നതും പുതുമയായി. ഡ്രം ബീറ്റ്സ് ഓഫ് ലോങ്ങ് ഐലന്‍ഡ് അവതരിപ്പിച്ച തായമ്പകയുടെ നാദഭംഗിയില്‍ പൂക്കളത്തിനു മുന്നില്‍ താലപ്പൊലിയുമായി തരുണീ മണികള്‍ അണി നിരന്നപ്പോള്‍ വന്ന മാവേലിക്കും പ്രത്യേകത. കുടവയറില്ല, താടിയുണ്ട് താനും. സുനില്‍ വീട്ടില്‍ ആയിരുന്നു പുത്തന്‍ മാവേലി

മെഗാ തിരുവാതിര ഹ്രുദയഹാരിയായി. പങ്കെടുത്തവരുടെ എണ്ണവും ഗാനവും ചുവടു വയ്പും നിറഭംഗിയും വേറിട്ടു നിന്നു. മാലിനി നായരുടെ ശ്രമങ്ങളുടെ അഭിമാനകരമായ വിജയം. അധികാരം യുവജനതക്കു നല്കണമെന്ന് വാചക കസര്‍ത്ത് കേള്‍ക്കുന്ന കാലത്ത് പ്രസിഡന്റ് ജയന്‍ ജോസഫും സെക്രട്ടറി ബൈജുവും ഐ.ടി. രംഗത്തൂള്ള യുവാക്കളാണെന്നതും ശ്രദ്ധേയമായി. ഇക്കാര്യത്തിലും കാഞ്ച് തന്നെ മറ്റ് അസോസിയേഷനുകള്‍ക്ക് മാത്രുക.

ഈസ്റ്റ് ബ്രണ്‍സ്വിക്കിലുള്ള ജോ ആന്‍ മജെസ്‌ട്രോ പെര്‍ഫോമന്‍സ് ആര്‍ട്‌സ് സെന്ററില്‍ നടന്ന ആഘോഷത്തില്‍ കാര്യമായ പ്രസംഗങ്ങളോ ഓണ സന്ദേശമോ ഒന്നുമില്ലായിരുന്നുവെന്നതും ശ്രദ്ധിക്കപ്പെട്ടു. എങ്കിലും അതൊക്കെ തീരെ ഉപേക്ഷിക്കാമോ എന്നു തോന്നുകയും ചെയ്തു. ഈസ്റ്റ് ബ്രണ്‍സ്വിക്ക്മേയര്‍ ബ്രാഡ് കോഹന്‍, സ്റ്റേറ്റ് യൂട്ടിലിറ്റി കമ്മീഷണര്‍ ഉപേന്ദ്ര ചിവുക്കുള, പരീഖ് മീഡിയ ചെയര്‍ ഡോ. സുധീര്‍ പരിഖ് എന്നിവര്‍ സദസിലുണ്ടായിരുന്നുവെന്നതും ശ്രദ്ധേയം. സദ്യക്കു എല്ലാ വിഭവവും വേണമല്ലോ എന്ന പോലെ അരോചകമാണെങ്കിലും ചില പ്രസംഗങ്ങളും!

കേന്ദ്ര സംഘടനയായ ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ് തുടങ്ങിയവരെ വേദിയില്‍ ആദരിച്ചു. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം വില്യം ഐസക് അതിഥി ആയിരുന്നു. പ്രമുഖ ഗായകനായ സതീഷ് മേനോന്‍ നയിച്ച ലൈവ് ബാന്‍ഡിന്റെ അകമ്പടിയോടു കൂടിയുള്ളഗാനമേള ഹാള്‍ നിറഞ്ഞ സദസ് ആസ്വദിച്ചു.

ഇതാദ്യമായി സംഘടിപ്പിച്ച പായസ മല്‍സരത്തില്‍ രേണു നായര്‍ ഒന്നാം സ്ഥാനവും ജിതേഷ് നമ്പ്യാര്‍ രണ്ടാം സ്ഥാനവും നേടി. കുഞ്ഞുമോള്‍ ദിലീപ്, രാധാ പണിക്കര്‍, ഷാഹിനി ഹനീഫ് എന്നിവരായിരുന്നു ജഡ്ജിമാര്‍. 15 പേര്‍ പങ്കെടുത്തു. വിജയികള്‍ക്ക് കാഷ് അവാഡും നല്കി.

വൈസ് പ്രസിഡന്റ് ദീപ്തി നായര്‍, ട്രഷറര്‍വിജേഷ് കാരാട്ട്, ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ ജോര്‍ജ്, അജിത് പ്രഭാകര്‍ (ചാരിറ്റി അഫയേഴ്‌സ്),ടോം നെറ്റിക്കാടന്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), പ്രിന്‍സി ജോണ്‍ (യൂത്ത് അഫയേഴ്‌സ്),ജെയിംസ് ജോര്‍ജ്,മനോജ് ഫ്രാന്‍സിസ് (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) പ്രീത വീട്ടില്‍ (കള്‍ച്ചറല്‍ അഫയേര്‍സ്) എന്നിവര്‍ പരിപടികള്‍ക്ക് നേത്രുത്വം നല്കി.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍ റോയ് മാത്യു, അംഗങ്ങളായജയ് കുളമ്പില്‍, ജോണ്‍ വര്‍ഗീസ്, സണ്ണി വാളിപ്ലാക്കല്‍, സോഫി വില്‍സണ്‍, റെജിമോന്‍ എബ്രഹാം,അലക്‌സ് മാത്യു, തുടങ്ങിയവരും ആഘോഷത്തിന്റെ വിജയത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.