തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വാഹന പരിശോധന വീണ്ടും കര്‍ശനമാക്കുകയാണ്. ഓണക്കാലത്ത് നിര്‍ത്തിവെച്ച പരിശോധനയാണ് ഇന്ന് പുനരാരംഭിക്കുന്നത്. നിയമലംഘകരില്‍ നിന്നും പിഴ ഈടാക്കാതെ ചട്ടലംഘനം കോടതിയെ അറിയിക്കാനാണ് തീരുമാനം. കേസുകള്‍ നേരിട്ട് കോടതിക്ക് കൈമാറാനും ആലോചനയുണ്ട്.
അതേസമയം മോട്ടോര്‍ വാഹന നിയമഭേദഗതിയിലെ പിഴയെ ചൊല്ലിയുള്ള അനിശ്ചിതത്വം തീര്‍ക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ശനിയാഴ്ച നടക്കും. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും ഗതാഗത, ആഭ്യന്തര വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പിഴത്തുക കൂട്ടി കേന്ദ്ര നിയമഭേദഗതി വന്നെങ്കിലും പിഴയില്‍ കടുത്ത ആശയക്കുഴപ്പം തുടരുകയാണ്. സംസ്ഥാനത്തിന് പിഴ തീരുമാനിക്കാമെന്ന് പറഞ്ഞ കേന്ദ്രം പിന്നീട് വീണ്ടും ഉത്തരവിറക്കുമെന്ന് അറിയിച്ച് മലക്കംമറിഞ്ഞു. ചില സംസ്ഥാനങ്ങള്‍ പിഴത്തുക കുറച്ചു. ചിലര്‍ നിയമം നടപ്പാക്കുന്നത് നീട്ടിവെച്ചു. കടുത്ത പ്രതിഷേധം മൂലമാണ് കേരളത്തില്‍ ഓണക്കാലത്ത് പരിശോധനയും പിഴ ഈടാക്കലും നിര്‍ത്തിവച്ചത്.
പരിശോധന കര്‍ശനമായി തുടരുമെങ്കിലും പിഴ ഈടാക്കാതെ ഓരോ ദിവസത്തെയും കേസുകളുടെ കണക്കെടുത്ത് ഗതാഗതസെക്രട്ടറി കോടതിയെ അറിയിക്കാനാണ് തീരുമാനം. പിഴയില്‍ പല നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തിന് ഉണ്ട്. കോടതിയെ അറിയിക്കാതെ പരിശോധനക്കിടെ തന്നെ കോമ്ബൗണ്ട് ചെയ്‍ത് നിശ്ചയിക്കുന്ന പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന ഒരു നിര്‍ദ്ദേശം പരിഗണനയിലാണ്. കുറഞ്ഞതും കൂടിയതുമായ പിഴയുള്ള കേസുകളിലാണിത്. ഈ പഴുത് ഉപയോഗിച്ചാണ് മണിപ്പൂര്‍ പിഴത്തുക പകുതിയാക്കി കുറച്ചത്. ഈ രീതിയില്‍ എട്ടു തരം ചട്ടലംഘനങ്ങളില്‍ പിഴ കുറക്കാമെന്ന നിര്‍ദ്ദേശം പരിഗണിക്കുന്നുണ്ട്.
എന്നാല്‍ കേന്ദ്രം വീണ്ടും ഉത്തരവ് പുതുക്കിയിറക്കുമ്ബോള്‍ ചില ഇനങ്ങളില്‍ മാത്രം സംസ്ഥാനം നിശ്ചയിക്കുന്ന പിഴത്തുക നിലനില്‍ക്കില്ലെന്ന നിയമസെക്രട്ടറിയുടെ ഉപദേശവും സര്‍ക്കാറിന് മുന്നിലുണ്ട്. മണിപ്പൂര്‍ മാതൃക പിന്തുടരണോ അതോ കേന്ദ്ര ഉത്തരവ് വരും വരെ കാത്ത് നില്‍ക്കണോ, എത്രനാള്‍ പിഴ നിശ്ചയിക്കാതെ കേസ് കോടതിയെ അറിയിച്ച് പരിശോധന തുടരണം എന്നിവയിലെല്ലാം ശനിയാഴ്ച തീരുമാനമെടുക്കും.
എട്ടുതരം ചട്ടലംഘനങ്ങളിലെ പിഴത്തുക സംസ്ഥാനത്തിന് തന്നെ തീരുമാനിക്കാമെന്ന നിര്‍ദ്ദേശവും ഗതാഗതവകുപ്പിന്നിര്‍ദേശമുണ്ട്. രജിസ്ട്രേഷന്‍ ഇല്ലാതെ വാഹനമോടിക്കുന്നതിന് പുതിയനിയമ പ്രകാരം 2000 രൂപ മുതല്‍ 10000 രൂപ വരെയാണ് പിഴ. ഇതില്‍ ആദ്യതവണയിലെ പരിശോധനയില്‍ രണ്ടായിരവും വീണ്ടും ചട്ട ലംഘനമുണ്ടായാല്‍ 3000 വും എന്ന രീതിയില്‍ പിഴ പുതുക്കി നിശ്ചയിക്കാമെന്നാണ് നിര്‍ദ്ദേശം. അതായത് വ്യത്യസ്‍ത നിരക്കില്‍ പിഴ വരുന്ന വിഭാഗങ്ങളില്‍ മാത്രം കുറക്കാനാണ് നീക്കം.