മരട്‌ (കൊച്ചി): തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച ഫ്‌ളാറ്റ്‌ സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കും. പൊളിക്കലിനെതിരേ ഫ്‌ളാറ്റിലെ താമസക്കാര്‍ നടത്തിവന്ന സമരപരിപാടികള്‍ നിര്‍ത്തിവച്ചതോടെ പിന്തുണ പ്രഖ്യാപിച്ചുള്ള രാഷ്‌ട്രീയ നേതാക്കളുടെയും അണികളുടെയും ഒഴുക്ക്‌ നിലച്ചു. ഫ്‌ളാറ്റ്‌ വളപ്പിലെ സമരപ്പന്തല്‍ ആളൊഴിഞ്ഞ അവസ്‌ഥയിലാണ്‌.

പൊളിച്ചില്ലെങ്കില്‍ 23-ന്‌ ചീഫ്‌ സെക്രട്ടറി നേരിട്ട്‌ ഹാജരാകണമെന്നാണു സുപ്രീം കോടതിയുടെ ഉത്തരവ്‌. പൊളിക്കലിനു മുന്നോടിയായുള്ള പ്രാഥമിക നടപടികള്‍ ഏകദേശം പൂര്‍ത്തിയായെങ്കിലും സര്‍ക്കാരിന്റെ നിര്‍ദേശാനുസരണമേ അടുത്ത നടപടികളിലേക്കു കടക്കൂ എന്നു മരട്‌ നഗരസഭാ സെക്രട്ടറി എം. മുഹമ്മദ്‌ ആരിഫ്‌ഖാന്‍ അറിയിച്ചു. താല്‍ക്കാലിക പുനരധിവാസം ആവശ്യമുണ്ടെങ്കില്‍ അറിയിക്കാന്‍ നോട്ടീസ്‌ നല്‍കിയതിന്‌ ആരും മറുപടി നല്‍കിയില്ലെന്നു സര്‍ക്കാരിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഫ്‌ളാറ്റിലെ താമസക്കാര്‍ വീണ്ടും ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു. നഗരസഭ നല്‍കിയ നോട്ടിസ്‌ നിയമാനുസൃതമല്ല, പോകാന്‍ മറ്റു മാര്‍ഗമില്ല, പ്രായാധിക്യത്തിന്റേതായ അവശതകള്‍ എന്നിവ ചൂണ്ടിക്കാട്ടി ഹോളിഫെയ്‌ത്ത്‌ എച്ച്‌ടുഒയിലെ താമസക്കാരന്‍ റിട്ട. ക്യാപ്‌റ്റന്‍ കെ.കെ. നായര്‍, ഗോള്‍ഡന്‍ കായലോരത്തിലെ താമസക്കാരന്‍ ഫ്രാന്‍സിസ്‌ കണ്ണമ്ബിള്ളി എന്നിവരാണു ഹര്‍ജി സമര്‍പ്പിച്ചത്‌. സമയം വൈകിയതിനാല്‍ കെ.കെ. നായരുടെ ഹര്‍ജി ഇന്നലെ സ്വീകരിച്ചില്ല.

പൊളിക്കലിനു മുമ്ബ്‌ പരിസ്‌ഥിതി ആഘാത പഠനം നടത്തണമെന്നും സമീപത്തുള്ള തന്റെ ഓടിട്ട വീടിനു തകരാറുണ്ടാകുമെന്ന്‌ ആശങ്കയുണ്ടെന്നും പറഞ്ഞ്‌ പരിസരവാസിയായ എം.ജി. അഭിലാഷ്‌ സമര്‍പ്പിച്ച ഹര്‍ജി നാട്ടില്‍ സംസാരവിഷയമായി. നെട്ടൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്‌ അഭിലാഷ്‌. കോടതി നല്‍കിയ സമയം അവസാനിക്കാനിരിക്കെ നല്‍കിയ ഹര്‍ജിയുടെ ഉദ്ദേശ്യശുദ്ധിയാണു പ്രധാന വിഷയം. സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാനുള്ള പണം എവിടെനിന്ന്‌, പൊളിക്കല്‍ നീട്ടാനിടയാക്കുന്ന ഹര്‍ജി നല്‍കിയതിനു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്‌.