കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം ആവര്‍ത്തിച്ച് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ്. തുക മുന്‍കൂര്‍ നല്കാന് ഉത്തരവിട്ടത് മന്ത്രിയാണെന്ന് സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് കേരളയുടെ എം.ഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തതെന്നും സൂരജ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്ബോഴായിരുന്നു സൂരജിന്റെ പ്രതികരണം. മന്ത്രിക്കെതിരേ തെളിവുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥന്റെ ആരോപണങ്ങള്‍ക്ക് താന്‍ മറുപടി നല്‍കേണ്ട കാര്യമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പ്രതികരണം. അറസ്റ്റ് ചെയ്യുമെന്ന ഭയമുള്ളതുകൊണ്ടല്ല എം.എല്‍.എ ഹോസ്റ്റലില്‍ കഴിയുന്നത്. പ്രതിക്കൂട്ടിലാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നു. ഏറ്റവും ഒടുവില്‍ മാത്രമാണ് ഫയല്‍ തന്റെ പക്കലെത്തിയത്. സാങ്കേതിക പിഴവ് മാത്രമാണ് ഇവിടെ സംഭവിച്ചത്. മന്ത്രി സാങ്കേതിക വിദഗ്ധനല്ല. ഫയല്‍ അവസാനമാണ് മന്ത്രി കാണുന്നതെന്നും അക്കാര്യം വ്യക്തമാകാന്‍ സെക്രട്ടേറിയറ്റ് മാനുവല്‍ പരിശോധിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഈ മറുപടി വന്നതിന്റെ പിറ്റേന്നാണ് സൂരജ് ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്. അതേസമയം, വി.കെ ഇബ്രാഹിം കുഞ്ഞിനെ പിന്തുണ നല്‍കിയായിരുന്നു മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നത്. ഇബ്രാഹിം കുഞ്ഞിനെതിരേ വെറും ആരോപണം മാത്രമാണുള്ളത്. അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാന്‍ മുന്നണി പിന്തുണ നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നു.
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കവേയാണ് റിമാന്‍ഡ് പുതുക്കുന്നതിനായി പ്രതികളെ ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് അവധിയായതിനാല്‍ കൊച്ചിയില്‍ നടക്കുന്ന ക്യാംപ്് സിറ്റിങ്ങിലേക്കാണ് സൂരജ് അടക്കമുള്ളവരെ കൊണ്ടുപോയത്.