ദോഹ: റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ പ്രവാസി നിക്ഷേപകര്‍ക്കു സ്‌പോണ്‍സര്‍ ഇല്ലാതെ രാജ്യത്തു പ്രവേശനവും ദീര്‍ഘകാല താമസവും അനുവദിച്ചുകൊണ്ടുള്ള പുതിയ നിയമ ഭേദഗതിയുമായി ഖത്തര്‍. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്ബര്‍ നിയമത്തിലെ ഏതാനും വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുള്ള പുതിയ ഉത്തരവില്‍ കഴിഞ്ഞ ദിവസം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒപ്പുവെച്ചു.
നിയമം പ്രാബല്യത്തില്‍ ആകുന്നതോടെ സാമ്ബത്തിക മേഖലയില്‍ നവോത്ഥാനത്തിന് തുടക്കമിടുമെന്നാണ് വിദഗ്ധരുടെ പ്രതികരണം. മികച്ച ബിസിനസ്, നിക്ഷേപകര്‍ക്കായി ഭൂമി അനുവദിക്കല്‍, യന്ത്രങ്ങളും ഉപകരണങ്ങളും സംരംഭത്തിനായി ഇറക്കുമതി ചെയ്യാനുള്ള അനുമതി, നിക്ഷേപ അന്തരീക്ഷം ഒരുക്കി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അടിസ്ഥാന സൗകര്യ വികസനങ്ങള്‍,നികുതി ഇളവ് തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങള്‍ നിക്ഷേപകര്‍ക്ക് ലഭിക്കും. ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപകേന്ദ്രമായി മാറാന്‍ ലക്ഷ്യമിട്ടുള്ള ഖത്തറിന്റെ നടപടികളെ ബലപ്പെടുത്തുന്നതിനായാണ് ഇത്തരമൊരു നീക്കം.